ഗഫൂർ ഹാജി:  അന്വേഷണമാവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് നിവേദനം

പൂച്ചക്കാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് എം.സി. ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത യകറ്റണമെന്നും സമഗ്രവും നീതിപൂർവ്വവുമായ അന്വേഷണം നടത്താൻ ഉന്നത ഏജൻസിയേയോ അല്ലെങ്കിൽ സി.ബി.ഐയോ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും മുഖ്യമന്ത്രിക്ക് കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസിൽ നിവേദനം നൽകി.

ആക്ഷൻ കമ്മിറ്റി ചെയർമാൻ ഹസൈനാർ ആമു ഹാജി, കൺവീനർ സുകുമാരൻ പൂച്ചക്കാട്, ഗഫൂർ ഹാജിയുടെ ഉമ്മ കുൽസ്സുമ്മ, ഭാര്യ ഷെരീഫ, മക്കളായ അഹമ്മദ് മൂസമിൽ, ഉമ്മുകുൽസ്സു, ഫാത്തിമത്ത് റഹ്മ, സഹോദരൻ ഷെരീഫ് ഹാജി എന്നിവരാണ് നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടത്. ഏപ്രിൽ 14 ന് പുലർച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട്ട് ബൈത്തുൽ റഹ്മയിലെ എം.സി. ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്നും 596 പവൻ സ്വർണ്ണവും നഷ്ടപ്പെട്ടിരുന്നു. 12 കുടുംബാംഗങ്ങളിൽ നിന്നുമാണ് ഹാജി സ്വർണ്ണം സ്വരൂപിച്ചത്. ഒരു മന്ത്രവാദിനിയുടെ ഇടപെടലാണ് നാട്ടുകാരിലും ബന്ധുക്കളിലും സംശയമുണ്ടാകാൻ കാരണം. കഴിഞ്ഞ കുറെ കാലമായി മന്ത്രവാദിനി ഗഫൂർ ഹാജിയെ ചുറ്റിപറ്റി നടന്നിരുന്നു. ഈ മന്ത്രവാദിനിയെക്കുറിച്ച് നിരവധി ആരോപണങ്ങൾ നിലവിലുണ്ട്.  നേരത്തെ കാസർകോട് വ്യാപാരിയിൽ നിന്നും 40 ലക്ഷം രൂപയും, അജാനൂർ മുട്ടുന്തലയിലെ ഗൾഫ് വ്യാപാരിയിൽ നിന്ന് നിധിയുണ്ടെന്ന് പ്രലോഭിപ്പിച്ച് ലക്ഷക്കണക്കിന് രൂപയും മന്ത്രവാദിനി തട്ടിയെടുത്തിരുന്നു .

അതു കൊണ്ട് തന്നെയാണ് ഗഫൂർ ഹാജിയുടെ മരണത്തിലും സംശയമുണ്ടാകാൻ കാരണം. ബേക്കൽ ഡി വൈ എസ് പി; സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സായാഹ്ന സദസ്, ബഹുജന ഒപ്പ് ശേഖരണം എന്നിവ നടന്നിരുന്നു. ശേഖരിച്ച ഒപ്പ് മുഖ്യമന്ത്രിക്കും  ഡിജിപിക്കും ഭാരവാഹികൾ നേരത്തെ കൈമാറിയിരുന്നു.

LatestDaily

Read Previous

ലൈംഗിക പീഡനക്കേസ്സിൽ അന്വേഷണ സംഘം ഇടുക്കിയിലേക്ക്

Read Next

ബാലകൃഷ്ണന്റെ മകളുടെ ഭർത്താവിനെ നാളെ തെളിവെടുപ്പിന്  കൊണ്ടുവരും