ലൈംഗിക പീഡനക്കേസ്സിൽ പരാതിക്കാരി ഷിയാസിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : തനിക്കെതിരെയുള്ള ചാനൽ വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്ന ചാനൽ താരത്തിന്റെ വാദം പൊളിയുന്നു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുപ്പത്തിരണ്ടുകാരിയായ ജിം പരിശീലകയെ ബിഗ്ബോസ് താരം ഷിയാസ് കരീം പീഡിപ്പിച്ചുവെന്ന കേസിലാണ് പുതിയ വഴിത്തിരിവ്.

പരാതിക്കാരിയായ ജിം പരീശീലക ഷിയാസിനൊപ്പം  കൊച്ചി പെരുമ്പാവൂരിലെ വാടക വീട്ടിൽ ഒരുതവണ വന്നിരുന്നതായി ഷിയാസിന്റെ മാതാവ് ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിനോട് വെളിപ്പെടുത്തിയതോടെയാണ് തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന ഷിയാസിന്റെ വാദം പൊളിഞ്ഞത്.

ഷിയാസ് പെരുമ്പാവൂരിൽ പുതുതായി നിർമ്മിച്ച വീട്ടിലെത്തിയാണ് ഇന്നലെ ചന്തേര ഐ.പിയും സംഘവും ചാനൽ താരത്തിന്റെ മാതാവിന്റെ മൊഴിയെടുത്തത്. ഷിയാസിന്റെ സഹോദരനും വീട്ടിലുണ്ടായിരുന്നു. മകൻ രണ്ടാഴ്ച മുമ്പ് ദുബായിൽ പോയെന്നാണ് മാതാവ് പോലീസിനെ അറിയിച്ചത്.

ഷിയാസ് കരീമിന്റെ പേരിൽ എറണാകുളത്തുള്ള ജിംനേഷ്യത്തിന്റെ യഥാർത്ഥ ഉടമ ഷിയാസ് തന്നെയാണോയെന്ന് പോലീസ് പരിശോധിക്കും. ഇതിനായി അന്വേഷണ സംഘം ഇന്ന് കൊച്ചി സിറ്റി കോർപ്പറേഷൻ ഓഫീസിലെത്തി. പരാതിക്കാരിയുടെ പേരിൽ എസ്ബിഐ, ഐ.സി.ഐസിഐ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളും, ഷിയാസിന്റെ പേരിൽ ഐഡിബിഐ ബാങ്കിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഷിയാസ് കരീം യുവതിയെ പീഡനത്തിനിരയാക്കിയ ഇടുക്കി മറയൂർ, മൂന്നാർ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ചന്തേര പോലീസ് പരിശോധന നടത്തും. ചെറുവത്തൂർ ഞാണങ്കൈയിലെ ബാർ ഹോട്ടലിൽ ഷിയാസ് മുറിയെടുത്തിരുന്നുവെന്ന്  അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

2023 മാർച്ച് 21-നാണ് ഷിയാസ് ചെറുവത്തൂരിലെത്തി ബാർ ഹോട്ടലിൽ മുറിയെടുത്ത് യുവതിയെ അവിടേക്ക് വിളിച്ചു വരുത്തിയത്. മോഹൻ ലാൽ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന ഷിയാസ് കരീം അവസാന റൗണ്ടിലാണ് ഷോയിൽ നിന്നും പുറത്തായത്.

ഇതിന് ശേഷം മറ്റൊരു ചാനലിൽ നടന്ന കോമഡി ഗെയിം റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന ഷിയാസ് കരീമിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. പൊതുവെ സൗമ്യനും മിതഭാഷിയുമെന്ന് കരുതിയിരുന്ന ഷിയാസ് കരീമിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തതോടെ ഇദ്ദേഹത്തോടൊപ്പം റിയാലിറ്റി ഷോയിൽ പങ്കെടുത്തവരും പ്രേക്ഷകരും ഞെട്ടലിലാണ്.

LatestDaily

Read Previous

ചെരുപ്പ്  കൊണ്ട് മുഖത്തടിച്ചു

Read Next

ജില്ലയിൽ 5 സൈബർ തട്ടിപ്പുകൾ