ജില്ലയിൽ 5 സൈബർ തട്ടിപ്പുകൾ

കാഞ്ഞങ്ങാട് : ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 5 സൈബർ തട്ടിപ്പ് കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. മാവുങ്കാൽ അഭിനാസ് മൻസിലിൽ അഭിനാസിന്റെ ഭാര്യ എൽ. സനൂബ 30, മംഗൽപ്പാടി ഹേരൂർ റഹ്മത്ത് മൻസിലിൽ മൊയ്തീൻ സവാദിന്റെ ഭാര്യ ഖദീജത്ത് തസ്്ലീന 26, ചൂരിത്തടുക്ക കൊടിയമ്മയിൽ അഹമ്മദ് സൂഫിയാൻ നൈനയുടെ ഭാര്യ റുഖ്സാന.കെ. 30, നീലേശ്വരം മന്നംപുറം സന്തോഷ് മന്ദിരത്തിൽ സി. കരുണാകരന്റെ മകൻ സി. ഗിരീഷ്കുമാർ 50, ദേലമ്പാടി മൈയ്യള റഷീദ് മൻസിലിൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ് റഷീദ് 22, എന്നിവരാണ് സൈബർ തട്ടിപ്പിനിരയായത്.

ഫ്ലിപ്പ്കാർട്ടിൽ ബുക്ക് ചെയ്ത സാധനം ലഭിക്കാൻ കാലതാമസം നേരിട്ടതിനെത്തുടർന്ന് കസ്റ്റമർ കെയറിൽ പരാതി നൽകിയ മാവുങ്കാലിലെ സനൂബയ്ക്ക് 90,000 രൂപയാണ് നഷ്ടമായത്. ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന വിളിച്ച ഫോൺ സന്ദേശത്തെത്തുടർന്ന് ഇവർ 5 രൂപ ഡെലിവറി ചാർജ്ജിന്റെ പേരിൽ ഗൂഗിൾ പേ വഴി അയച്ചിരുന്നു. ഇതുവഴിയാണ് തട്ടിപ്പ്.

മംഗൽപ്പാടിയിലെ ഖദീജത്ത് തസ്്ലീനയെ ഓൺലൈൻ വഴി പാർട്ട് ടൈം  ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് 3,31,000 രൂപ തട്ടിയെടുത്തത്. വാട്സ്ആപ്പ് വഴിയുള്ള ആശയ വിനിമയത്തിലൂടെയാണ് തട്ടിപ്പ്. ചൂരിത്തടുക്കയിലെ റുഖ്സാനയ്ക്കും പാർട്ട് ടൈം ജോലിയുടെ പേരിലാണ് 1,39,000 രൂപ നഷ്ടമായത്. വിവിധ സ്ഥാപനങ്ങൾ റേറ്റിംഗ് നൽകിയാൽ കമ്മീഷനും ബോണസ്സും നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു വാട്സ്ആപ്പ് ടെലഗ്രാം എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പണം തട്ടിയെടുത്തത്.

സൂപ്പർ മാർക്കറ്റുകളുടെ ഷെയറുകളെടുത്താൽ മികച്ച ലാഭം ലഭിക്കുമെന്ന്  വാഗ്ദാനം നൽകിയാണ് നീലേശ്വരം മന്നംപുറത്തെ സി. ഗിരീഷ്കുമാറിന്റെ 1,36,664 രൂപ സൈബർ തട്ടിപ്പ് മാഫിയ തട്ടിയെടുത്തത്     2023 ജൂലായ് 31 മുതൽ ആഗസ്റ്റ് 1 വരെയുള്ള രണ്ട് ദിവസം കൊണ്ടാണ് 6 അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി ഗിരീഷ്കുമാർ പണം നിക്ഷേപിച്ചത്. കപ്പലിൽ സീമാൻ ജോലി ഉണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് ദേലമ്പാടിയിലെ മുഹമ്മദ് റാഷിദ് വാട്സ്ആപ്പ് വഴി അപേക്ഷ നൽകിയത്. യുവാവിന്റെ പക്കൽ നിന്നും രണ്ട് തവണയായി 1 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.

LatestDaily

Read Previous

ലൈംഗിക പീഡനക്കേസ്സിൽ പരാതിക്കാരി ഷിയാസിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ

Read Next

മരുമകന്റെ അടിയേറ്റ ഗൃഹനാഥൻ രക്തം വാർന്ന് മരിച്ചു