ബോംബും വടിവാളുമായെത്തിയ ആർ.എസ്.എസ്. പ്രവർത്തകൻ അറസ്റ്റിൽ

പയ്യന്നൂര്‍: പാലക്കോട് ബീച്ചിൽ വാക്കേറ്റത്തെത്തുടര്‍ന്ന്  വാളും ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ആർ. എസ്.എസ്. പ്രവർത്തകൻ അറസ്റ്റിൽ. രാമന്തളി എട്ടിക്കുളത്തെ എന്‍.പി. ദീപക്കിന്റെ പരാതിയിൽ കക്കം പാറയിലെ മാട്ടൂക്കാരൻ വൈശാഖിനെയാണ് 30, പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന ഇയാളുടെ സഹോദരന്‍ വിപിനെതിരെയും പയ്യന്നൂർ പോലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ എട്ടിക്കുളം ബീച്ച് ഹാര്‍ബറിന് സമീപത്തെ മത്സ്യത്തൊഴിലാളികളുടെ ഷെഡിന് സമീപത്താണ് സംഭവം. വൈശാഖും കൂടെയുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കുമിടയില്‍ വൈശാഖ് സ്റ്റീല്‍ ബോംബും വടിവാളുമായിയെത്തുകയായിരുന്നു.

സംഭവം കണ്ടതോടെ ചിലർ പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തുമ്പോഴേക്കും വൈശാഖിന്റെ സഹോദരനായ വിപിന്‍ ബോംബും വടി വാളും കൈക്കലാക്കി സ്‌കൂട്ടറില്‍ സ്ഥലം വിട്ടിരുന്നു. സംഭവം സംബന്ധിച്ച് ദീപകിന്റെ പരാതിയിലാണ് വധശ്രമത്തിനും ആയുധ നിരോധന നിയമപ്രകാരവും പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. മുന്‍വൈരാഗ്യംമൂലം വാളും സ്റ്റീല്‍ ബോംബുമായി തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ദീപക് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വാളുകൊണ്ട് തന്റെ കഴുത്തിന് നേരെ വീശിയപ്പോൾ ഒഴിഞ്ഞുമാറിയ തിനാൽ ജീവഹാനി ഉണ്ടായില്ലെന്നും പരാതിയിലുണ്ട്. സിപിഎം പ്രവർത്തകൻ കുന്നരു കാരന്താട്ടെ സി.വി.ധനരാജ് വധക്കേസിലെ പ്രതികളാണ് വൈശാഖും സഹോദരന്‍ വിപിനും.

Read Previous

വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങിൽ നിന്ന് എംഎൽഏ ഇറങ്ങിപ്പോയി

Read Next

കൺസ്യൂമർ സ്റ്റോർ ജീവനക്കാരൻ തൂങ്ങി മരിച്ചു