വെള്ളരിക്കുണ്ടിൽ ലക്ഷങ്ങളുടെ ചൂതാട്ടം

സ്വന്തം ലേഖകൻ

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വൈഎംസിഏ കെട്ടിടം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. ഇന്നലെ പകൽ 11-35-ന് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ഷിജു.ടി.കെയും സംഘവുമാണ് ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്. വൈഎംസിഏ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറി കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചൂതാട്ടം നടക്കുന്നുണ്ടെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടർന്ന് അദ്ദേഹം വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർക്ക് നൽകിയ നിർദ്ദേശത്തെത്തുടർന്നായിരുന്നു റെയ്ഡ്. പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന കാഞ്ഞങ്ങാട് കുശാൽനഗർ ജെസ്ന മൻസിലിൽ ജാസിർ. കെ. 25, വെള്ളരിക്കുണ്ട് അറക്കപ്പറമ്പിൽ വീട്ടിൽ സജി ജോസഫ് 46, കാഞ്ഞങ്ങാട് സൗത്ത് സമീമ മൻസിലിൽ സബീർ പി. 32, മാലക്കല്ല് മേത്തായത്ത് വീട്ടിൽ എം.സി. ജോസ് 57, മാലോം പറമ്പ് ഇഞ്ചിക്കൽ ഹൗസിൽ രാഗേഷ്. ഇ. 32, കുന്നുംങ്കൈ ചിറമ്മൽ വീട്ടിൽ ഫിറോസ് 40, മാലക്കല്ല്  മലാമ്പുറത്ത് വീട്ടിൽ എം.ജെ. തോമസ് 61, കാറ്റാങ്കവല തകിടിയേൽ ഹൗസിൽ പ്രദീപ് ടി. 34, കൊളവയൽ സക്കീന മൻസിലിൽ പി.എം. സലാം 42,, പറമ്പ കുറുവാട്ട് വീട്ടിൽ രമേശൻ 40, അജാനൂർ മാണിക്കോത്ത് തായൽ വീട്ടിൽ അഷറഫ് ടി.ടി. 48, എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് പിടികൂടിയത്. കളിക്കളത്തിൽ നിന്നും 1,07,980 രൂപയും പോലീസ് പിടിച്ചെടുത്തു. പതിനൊന്നുപേർക്കുമെതിരെ വെള്ളരിക്കുണ്ട് പോലീസ് കെ.ജി. ആക്ട് പ്രകാരം കേസെടുത്തു.

Read Previous

കൺസ്യൂമർ സ്റ്റോർ ജീവനക്കാരൻ തൂങ്ങി മരിച്ചു

Read Next

ചെരുപ്പ്  കൊണ്ട് മുഖത്തടിച്ചു