ലൈംഗീക പീഡനക്കേസ്സിൽ ചാനൽ താരത്തിന്റെ വീട്ടിൽ പരിശോധന

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിം പരിശീലകയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ ബിഗ്ബോസ് റിയാലിറ്റി ഷോ താരത്തിന്റെ വീട്ടിൽ ചന്തേര പോലീസിന്റെ പരിശോധന. റിയാലിറ്റിഷോ താരം ഷിയാസ് കരീമിനെതിരെ 32കാരിയായ ജിം പരിശീലക ചന്തേര പോലീസിൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ ജി. പി. മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് എറണാകുളം പെരുമ്പാവൂരിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്.

ഷിയാസ് കരീം തന്നെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക വേഴ്ചയ്ക്കിരയാക്കുകയും, നിർബ്ബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഷിയാസിന്റെ എറണാകുളത്തെ ജിംനേഷ്യത്തിൽ പരിശീലകയായിരുന്ന യുവതിയെ ഇടുക്കി ജില്ലയിലെ മറയൂർ, മൂന്നാർ എന്നിവിടങ്ങളിലെ റിസോർട്ടുകളിലും എറണാകുളത്തെ ഹോട്ടലിലും ചെറുവത്തൂർ ഞാണങ്കൈയിലെ ബാർ ഹോട്ടലിലുമാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.

ഷിയാസിന്റെ എറണാകുളത്തെ ജിംനേഷ്യത്തിലും, യുവതിയെ നിർബ്ബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയ എറണാകുളത്തെ സ്വകാര്യാശുപത്രിയിലും അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും.  ഷിയാസ് കരീമിന്റെ ബാങ്ക് അക്കൗണ്ടുകളും സംഘം  പരിശോധിക്കും. യുവതിയുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. 2021 മുതൽ 2023 മാർച്ച് വരെ ഷിയാസ് കരീം തന്നെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.  ജിംനേഷ്യത്തിൽ പങ്കാളിത്തം  വാഗ്ദാനം ചെയ്ത് ഷിയാസ് 11 ലക്ഷം  രൂപ തട്ടിയെടുത്തുവെന്നും ഇവർ ആരോപിക്കുന്നു.  ബിഗ്ബോസ് താരം മറ്റൊരു വിവാഹത്തിന് ഒരുക്കങ്ങളാരംഭിച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്.

Read Previous

കഞ്ചാവ് കടത്ത് പ്രതി പിടിയിൽ

Read Next

വന്ദേഭാരത് ഫ്ളാഗ് ഓഫ് ചടങ്ങിൽ നിന്ന് എംഎൽഏ ഇറങ്ങിപ്പോയി