അധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാർത്ഥിനിക്ക് നീതി ലഭിച്ചില്ല

സ്വന്തം ലേഖകൻ

പടന്ന : ആറാംതരം വിദ്യാർത്ഥിനിയെ അധ്യാപകൻ മുഖത്തടിച്ച സംഭവത്തിൽ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷന് നൽകിയ പരാതി പ്രകാരം റജിസ്റ്റർ ചെയ്ത കേസ്സിൽ വിദ്യാർത്ഥിനിക്ക് ഇതുവരെ നീതി ലഭിച്ചില്ല. പടന്ന ഗവൺമെന്റ് യു. പി. സ്കൂൾ ആറാംതരം വിദ്യാർത്ഥിനിയും പടന്നയിലെ പി.വി. അബ്ദുൾ ഖാദർ- ഖമറുന്നീസ ദമ്പതികളുടെ മകളുമായ കെ. സഫിയയെയാണ് കണക്ക് അധ്യാപകനായ മനോജ് ഷാൾ കഴുത്തിന് ചുറ്റി ഉയർത്തിപ്പിടിച്ച് മുഖത്തടിച്ചത്.

മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. 2022 ജൂലായ് 19-നാണ് സംഭവമുണ്ടായത്. ഇതേത്തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷന് നൽകിയ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം റജിസ്റ്റർ ചെയ്തുവെങ്കിലും അധ്യാപനെതിരെ വകുപ്പുതല നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

ബാലാവകാശ കമ്മീഷൻ ഇടപെട്ട വിഷയമായിട്ടും അധ്യാപകനെ സ്കൂളിൽ നിന്നും സ്ഥലം മാറ്റാൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇൗ സാഹചര്യത്തിൽ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ മുതലായവർക്ക് പരാതി നൽകി നീതിക്ക് വേണ്ടി  കാത്തിരിപ്പാണ്.

അധ്യാപകന്റെ മർദ്ദനമേറ്റ സഫിയയ്ക്ക് മാനസികമായും ശാരീരികമായും അസ്വസ്ഥതകളുണ്ടെന്നും ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് വകുപ്പുതല അന്വേഷണം നടത്തി സർവ്വീസ് ചട്ടങ്ങൾ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇൗ ഉത്തരവിലും തുടർ നടപടിയുണ്ടായിട്ടില്ല.

LatestDaily

Read Previous

റെ. സ്റ്റേഷൻ റോഡിൽ കക്കൂസ്  മാലിന്യമൊഴുക്കി

Read Next

വീട്ടിൽ  കവര്‍ച്ച