സർക്കാർ ആശുപത്രിയിൽ അതിക്രമം ജില്ലാ പഞ്ചായത്തംഗത്തിനെതിരെ കേസ്

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: ഗവൺമെന്റാശുപത്രിയിൽ അതിക്രമം കാണിച്ച ജില്ലാ പഞ്ചായത്തംഗത്തിനെതിരെ മഞ്ചേശ്വരം പോലീസ് കേസ്സെടുത്തു. മുസ്ലിം ലീഗ് നേതാവും കാസർകോട് ജില്ലാ പഞ്ചായത്തംഗവുമായ  ഗോൾഡൻ അബ്ദുൾ റഹ്മാനാണ് സെപ്തംബർ 19-ന് വൈകുന്നേരം മംഗൽപ്പാടി താലൂക്കാശുപത്രിയിലെത്തി ഡോക്ടറെയും ഫാർമസിസ്റ്റിനെയും ഭീഷണിപ്പെടുത്തിയത്.

മംഗൽപ്പാടി താലൂക്കാശുപത്രിയിലെ ഫാർമസിക്ക് മുന്നിലെത്തിയ ജില്ലാ പഞ്ചായത്തംഗം  ഫാർമസിസ്റ്റായ അഫ്സാനയോട് തട്ടിക്കയറിയിരുന്നു. ബഹളം കേട്ട് വിവരമന്വേഷിക്കാനെത്തിയ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആലുവ സ്വദേശി ഡോ. പ്രണവ് ലാലിനെയും ജില്ലാ പഞ്ചായത്തംഗമായ ഗോൾഡൻ അബ്ദുൾ റഹ്മാൻ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു.

ആശുപത്രിയിലെത്തിയ രോഗികൾ നോക്കിനിൽക്കെയാണ് ജനപ്രതിനിധിയുടെ അഴിഞ്ഞാട്ടമുണ്ടായത്. തന്നോട് കളിച്ചാൽ കാണിച്ചു തരാമെന്നായിരുന്നു ഗോൾഡൻ അബ്ദുൾ റഹ്മാന്റെ ഭീഷണി. മഞ്ചേശ്വരം എസ്ഐയെ ആക്രമിച്ച കേസ്സിൽ റിമാന്റിലായിരുന്ന അബ്ദുൾ റഹ്മാൻ ജാമ്യം നേടി  പുറത്തിറങ്ങിയതിന് പിന്നാലെയാണ് സർക്കാരാശുപത്രിയിൽക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

മംഗൽപ്പാടി താലൂക്കാശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. പ്രണവ് ലാലിന്റെ പരാതിയിൽ ജില്ലാ പഞ്ചായത്തംഗത്തിനെതിരെ മഞ്ചേശ്വരം പോലീസ് കേസ്സെടുത്തു. ആശുപത്രിക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ്. മണൽ മാഫിയാ സംഘം മഞ്ചേശ്വരം എസ്ഐയെ ആക്രമിച്ച സംഭവത്തിൽ റജിസ്റ്റർ  ചെയ്ത കേസ്സിൽ ഗോൾഡൻ അബ്ദുൾ റഹ്മാൻ പ്രതിയാണ്.

LatestDaily

Read Previous

ഭാര്യാ സഹോദരന്മാർ കരാറുകാരന്റെ കൈ തല്ലിയൊടിച്ചു; കേസ്

Read Next

ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി