സ്വന്തം ലേഖകൻ
കുമ്പള : ഓൺലൈൻ വഴി മരുന്നെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് മൊഗ്രാൽ സ്വദേശിയിൽ നിന്നും രണ്ടരലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. മൊഗ്രാൽ റഹ്മത്ത് നഗർ ദാർ അൽഹെയിലെ ഉമ്മർ ബ്യാരിയുടെ മകൻ കെ. അബ്ദുൾ ഹമീദാണ് 48, ഓൺലൈൻ തട്ടിപ്പിനിരയായത്.
ആക്സസ് ഹെൽത്ത് ഇന്റർ നാഷണൽ എന്ന സ്ഥാപനത്തിന്റെ മാനേജരെന്ന വ്യാജേന അബ്ദുൾ ഹമീദുമായി ബന്ധപ്പെട്ടയാളാണ് മരുന്നെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് 2,58,000 രൂപ നെറ്റ്് ബാങ്കിംഗ് വഴി തട്ടിയെടുത്തത്. 2023 മെയ് 29 മുതൽ ജൂൺ 13 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. അബ്ദുൾ ഹമീദിന്റെ പരാതിയിൽ വഞ്ചനാക്കുറ്റം, ഐ.ടി. ആക്ട് മുതലായ വകുപ്പുകൾ ചുമത്തിയാണ് കുമ്പള പോലീസ് കേസെടുത്തത്.