ജില്ലയിൽ ഒരേ ദിവസം മൂന്ന് സൈബർ തട്ടിപ്പ് കേസുകൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒരേദിവസം മൂന്ന് സൈബർ തട്ടിപ്പ് കേസുകൾ റജിസ്റ്റർ ചെയ്തു. മേൽപ്പറമ്പ്, ആദൂർ പോലീസ് സ്റ്റേഷനുകളിലും, കാസർകോട് സൈബർ പോലീസിലുമാണ് തട്ടിപ്പിനിരയായവരുടെ പരാതി ലഭിച്ചത്. ചട്ടഞ്ചാൽ മാഹിനാബാദിൽ ഹംസയുടെ മകൻ മുഹമ്മദ് തമീം ടി.ഏ. 35, തളങ്കര കെ.കെ.പുറം സഫാ മൻസിലിൽ കെ.എം. അബ്ദുള്ളയുടെ മകൻ എം.ഏ. ഉമർ ഫാറൂഖ് 42, ബോവിക്കാനം കാട്ടിപ്പള്ളത്തെ അബ്ദുള്ളക്കുഞ്ഞിയുടെ മകൻ ആഷിർ.കെ. 33, എന്നിവരാണ് സൈബർ തട്ടിപ്പിനിരയായത്.

സെപ്തംബർ 11-നും 13-നും ഇടയിലാണ് ചട്ടഞ്ചാലിലെ മുഹമ്മദ് തമീമിന്റെ അക്കൗണ്ടിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 1,30,000 രൂപ നഷ്ടമായത്. നിക്ഷേപത്തിന് 30 ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ്, ടെലഗ്രാം മുതലായ മാധ്യമങ്ങൾ വഴി വന്ന സന്ദേശത്തിൽ ആകൃഷ്ടനായാണ് മുഹമ്മദ് തമീം പണം നിക്ഷേപിച്ചത്. മൂവീ പ്ലാറ്റ്ഫോം എന്ന കമ്പനിയിൽ പാർട്ട് ടൈം ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഉമർ ഫാറൂഖിനെ സൈബർ തട്ടിപ്പ് സംഘം വലയിലാക്കിയത്.

ടെലഗ്രാം വഴി സന്ദേശമയച്ചും നേരിട്ട് വിളിച്ചും നടന്ന ഇടപാടിൽ വിവിധ അക്കൗണ്ടുകളിലേക്കായി 13,02,670 രൂപയാണ് ഉമർ ഫാറൂഖ് അയച്ചുകൊടുത്തത്. ഇതിൽ 11,574 രൂപ ഉമർ ഫാറൂഖിന്റെ അക്കൗണ്ടിൽ തിരികെ ലഭിച്ചിരുന്നു. ഓൺ ലൈൻ ട്രേഡിംഗിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് കാട്ടിപ്പള്ളത്തെ കെ. ആഷിറിനെ സൈബർ തട്ടിപ്പ് മാഫിയ വലയിലാക്കിയത്. വാട്സ്ആപ്പ് വഴിയുള്ള പരസ്യത്തിൽ വിശ്വസിച്ച് ജൂലായ് 5 മുതൽ 15 വരെയുള്ള കാലയളവിൽ നാല് തവണകളായി 1,22,000 രൂപയാണ് ആഷിർ ഓൺലൈനായി നിക്ഷേപിച്ചത്.

LatestDaily

Read Previous

പാർക്കിംഗിന് ഭൂമി വില

Read Next

കാഞ്ഞങ്ങാട് നഗരസഭയിൽ സിക്രട്ടറിയില്ല, ഫയലുകൾ നീങ്ങാൻ കാലതാമസം