വിദ്വേഷ മുദ്രാവാക്യം: പ്രതികൾ പൊതുരംഗത്ത്, പോലീസ് കാണാമറയത്ത്

സ്വന്തം ലേഖകൻ

അജാനൂർ: മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്സിലെ പ്രതികളെ രണ്ട് മാസമായിട്ടും പിടികൂടിയില്ല.  ഇക്കഴിഞ്ഞ ജൂലായ് 25-നാണ് കാഞ്ഞങ്ങാട്ടെ റാലിയിൽ പങ്കെടുത്ത യൂത്ത് ലീഗ് പ്രവർത്തകരായ ചിലർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള രീതിയിലുള്ള മുദ്രാവാക്യം വിളിക്കെതിരെ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ടെ ബിജെപി യുവമോർച്ച നേതാക്കൾ ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് ദേശീയ നേതാവ് ഫൈസൽ ബാബു ജില്ലാ നേതാക്കളായ അസീസ് കൊളത്തൂർ മുസ്തഫ തായന്നൂർ തുടങ്ങി 300 ഓളം പ്രവർത്തകർക്കെതിരെ  ഐപിസി 153 ഏ വകുപ്പ് ചുമത്തി പോലീസ് കേസ്സെടുത്തിരുന്നു.

പോലീസ് ഒളിവിലാണെന്ന് പറയുന്ന പ്രതികളിൽ പലരും കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും നടക്കുന്ന മുസ്ലിം ലീഗിന്റെ പരിപാടികളിൽ ഇപ്പോഴും സജീവമായി പങ്കെടുത്തുവരുന്നുണ്ട്. ഈ കേസ്സിലെ എട്ട് പ്രതികളെ ഉടനെതന്നെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുണ്ടായി. ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി മുദ്രാവാക്യം വിളിച്ച് വിവാദമുണ്ടാക്കിയ യൂത്ത് ലീഗ് പ്രവർത്തകനെ മണിക്കൂറുകൾക്കുള്ളിലാണ് സംസ്ഥാന നേതൃത്വം പാർട്ടിയിൽ നിന്നും  പുറത്താക്കിയിരുന്നത്.

Read Previous

കാഞ്ഞങ്ങാട് ടൗൺ ഇരുട്ടിന്റെ നഗരമായിട്ടും അനങ്ങാതെ അധികൃതർ

Read Next

ഗണേശ ഘോഷയാത്രാ വിവാദത്തിൽ മിണ്ടാനാകാതെ ബിജെപി