പോലീസിന്റെ ഉറക്കം കെടുത്തിയ സ്വർണ്ണമാല പിടിച്ചുപറിക്കാർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മടിക്കൈ ചതുരക്കിണറിലെ കടയിൽ കുപ്പി വെള്ളം ചോദിച്ചെത്തി കടയുടമയായ സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പറിച്ച് രക്ഷപ്പെട്ട രണ്ടംഗ സംഘം പിടിയിൽ. സെപ്തംബർ 10-നാണ്  ബൈക്കിലെത്തിയ രണ്ടംഗ സംഘം ചതുരക്കിണറിൽ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പറിച്ച് ബൈക്കിൽ രക്ഷപ്പെട്ടത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി, ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘം പിടിയിലായത്. ഉദുമ വെടിത്തറക്കാൽ ഫാത്തിമ ക്വാർട്ടേഴ്സിൽ കെ.എം. ഹനീഫയുടെ മകൻ എം.കെ. ഇജാസ് 24, പാക്കം ചെർക്കപ്പാറ ഹസ്്ന മൻസിലിൽ മുഹമ്മദ് ഹനീഫയുടെ മകൻ ഇബ്രാഹിം ബാദുഷ 24, എന്നിവരെയാണ് മോഷണക്കേസ്സിൽ ഹോസ്ദുർഗ്ഗ് പോലീസ് പിടികൂടിയത്.

മോഷ്ടാക്കളെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും ഇത്തരം കേസ്സുകളിൽ സംശയിക്കുന്ന ആളുകളെയും നിരീക്ഷണം നടത്തി വരികയായിരുന്നു. 480-ൽ അധികം നിരീക്ഷണ ക്യാമറകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെ ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കരുവിഞ്ചിയത്ത് ഫെബ്രുവരി മാസത്തിൽ റോഡരികിൽ കൂടി നടന്നുപോവുകയായിരുന്ന  സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തിലും, ബന്തടുക്ക പടുപ്പിൽ ആയൂർവ്വേദ മരുന്ന് കടയുടെ അകത്ത് കയറി സ്ത്രീയുടെ മാല പൊട്ടിച്ച കേസ്സിലും കഴിഞ്ഞ മാസം ചേരിപ്പാടി നാഗത്തിങ്കാലിൽ നടന്ന മാലപറിക്കൽ കേസ്സിലും പ്രതികൾ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

മംഗളൂരു കങ്കനാടി പോലീസ് സ്റ്റേഷൻ,  ബന്ദർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന മൂന്ന് ബൈക്ക് മോഷണം, കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണം എന്നിവ നടത്തിയതും പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പതിനേഴാം വയസ്സിൽ മോഷണമാരംഭിച്ച മുഹമ്മദ് ഇജാസിന്റെ പേരിൽ എറണാകുളം, കോഴിക്കോട്, കാസർകോട് ജില്ലകളിലായി മയക്കുമരുന്ന് വിതരണമുൾപ്പെടെ 6 കേസ്സുകളുണ്ട്. ഇതേ പ്രായത്തിൽത്തന്നെമോഷണമാരംഭിച്ച ഇബ്രാഹിം ബാദുഷയുടെ പേരിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ കൂടാതെ കർണ്ണാടകയിലെ മംഗളൂരുവിലടക്കം 12 മോഷണക്കേസുകളുണ്ട്.

LatestDaily

Read Previous

കേരളത്തിൽ 8,506 പോക്സോ കേസ്സുകൾ

Read Next

ഷിയാസിനെതിരെയുള്ള പീഡനക്കേസ്സിൽ അന്വേഷണ സംഘം എറണാകുളത്ത്