ദേവസ്വം മന്ത്രിക്കെതിരെ പയ്യന്നൂരിൽ ജാതി വിവേചനം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരെ പയ്യന്നൂരിലുണ്ടായ ജാതി വിവേചനത്തിൽ പ്രതിഷേധം ശക്തമാകുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന പയ്യന്നൂരിലെ ക്ഷേത്രത്തിലാണ് ദേവസ്വം മന്ത്രി അപമാനം നേരിട്ടത്. പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച പന്തലിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴായിരുന്നു മന്ത്രിക്കെതിരെ ജാതി വിവേചനമുണ്ടായത്.

ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോക്കോൾ തെറ്റിച്ച് നിലവിളക്ക് കൊളുത്തിയ ക്ഷേത്രം പൂജാരിമാർ  കൈവിളക്ക് മന്ത്രിക്ക് കൈമാറാതെ നിലത്ത് വെക്കുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രി നിലവിളക്ക് കൊളുത്താൻ തയ്യാറായില്ല. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ദേവസ്വം മന്ത്രി ഇതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. പല കൈകളിൽ നിന്നുമെത്തുന്ന പണം ദക്ഷിണയായി സ്വീകരിക്കാൻ മടിക്കാത്ത പൂജാരിമാർ തനിക്ക് മാത്രം അയിത്തം കൽപ്പിച്ചത് ജാതി വിവേചനമാണെന്നായിരുന്നു ദേവസ്വം മന്ത്രി ഉദ്ഘാടന യോഗത്തിൽ പ്രസംഗിച്ചത്.

മന്ത്രിക്ക് നേരിട്ട ഇൗ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജാതി വിവേചനത്തിനെതിരെ ജീവിതാവസാനം വരെ പോരാടിയ സ്വാമി ആനന്ദതീർത്ഥൻ ജീവിച്ചിരുന്ന മണ്ണിലാണ് സംസ്ഥാന ദേവസ്വം മന്ത്രിക്ക് ദുരനുഭവമുണ്ടായത്. ജനുവരി മാസത്തിൽ നടന്ന ഇൗ സംഭവം മന്ത്രി അടുത്തിടെയാണ് വെളിപ്പെടുത്തിയത്.

LatestDaily

Read Previous

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി

Read Next

പൂജാ മുറിയിൽ തൂങ്ങി മരിച്ചു