ട്രെയിൻ യാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശി തൃക്കരിപ്പൂരിൽ കുടുങ്ങി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : സിഗ്നൽ തകരാറിനെത്തുടർന്ന് നിർത്തിയിട്ട ട്രെയിനിൽ നിന്നും കുപ്പിവെള്ളം വാങ്ങാനിറങ്ങിയ തിരുവനന്തപുരം സ്വദേശി അപ്രതീക്ഷിതമായി ട്രെയിൻ വിട്ടതോടെ തൃക്കരിപ്പൂരിൽ കുടുങ്ങി. ജാംനഗർ-കന്യാകുമാരി  എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനായിരുന്ന തിരുവനന്തപുരം വലിയകാട് കല്ലറ സ്വദേശി കെ. മനോജാണ് 48, ഇന്നലെ രാത്രി 8-30 മണിയോടെ തൃക്കരിപ്പൂർ ബീരിച്ചേരിയിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നും കുടിവെള്ളം വാങ്ങാൻ പുറത്തിറങ്ങി വഴിയിലായത്.

കുടിവെള്ളം വാങ്ങിവരുമ്പോഴേയ്ക്കും സിഗ്നൽ തകരാറ് പരിഹരിച്ച് ട്രെയിൻ മുന്നോട്ട് നീങ്ങിയിരുന്നു. റെയിൽവേ ട്രാക്കിൽ ഒറ്റപ്പെട്ട മനോജിനെക്കണ്ട് സംശയം തോന്നിയ നാട്ടുകാർ ചന്തേര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചന്തേര എസ്ഐ, ഗംഗാധരനും സംഘവും സ്ഥലത്തെത്തി ഇദ്ദേഹത്തോട് വിവരമാരാഞ്ഞപ്പോഴാണ് യുവാവ് കുപ്പിവെള്ളം വാങ്ങാനിറങ്ങിയതാണെന്ന് തിരിച്ചറിഞ്ഞത്.   തുടർന്ന് ചന്തേര പോലീസ് മനോജിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മനോജിന്റെ ബാഗ് ട്രെയിനിലകപ്പെട്ടതിനാൽ വിവരം റെയിൽവെ പോലീസിനെ അറിയിച്ചിട്ടുണ്ട്. മംഗളൂരുവിലെ ടയർ കമ്പനിയിൽ ജോലിക്കാരനായ ഇദ്ദേഹം നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തൃക്കരിപ്പൂരിൽ കുടുങ്ങിയത്. ചന്തേര പോലീസ് സ്റ്റേഷനിലുള്ള മനോജിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ ചന്തേരയിലെത്തും. അതുവരെ ഇദ്ദേഹം പോലീസിന്റെ സംരക്ഷണത്തിലായിരിക്കും.

LatestDaily

Read Previous

മോട്ടോർ  ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടോർ വെഹിക്കിൾ ഓഫീസിലും  വിജിലൻസ് റെയ്ഡ്

Read Next

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി