ഗണേഷിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നത

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ കേരള കോൺഗ്രസ് ബി ചെയർമാൻ കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. ഇടതുമുന്നണിയിലെ മുൻധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയാകുമ്പോൾ ഐഎൻഎല്ലിലെ അഹ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും രാജിവെച്ച് പകരം ഗണേഷിനെ മന്ത്രിയാക്കുന്നതിലാണ് ഭിന്നാഭിപ്രായം.

അഹമ്മദ് ദേവർകോവിലിന് പകരം കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് കടന്നപ്പള്ളി രാമചന്ദ്രനും ആന്റണി രാജുവിന് പകരം കെ.ബി. ഗണേഷ് കുമാറുമാണ് മന്ത്രിമാരാകേണ്ടത്. യഥാക്രമം ദേവർകോവിലിന്റെ വകുപ്പുകൾ കടന്നപ്പള്ളിക്കും ആന്റണി രാജുവിന്റെ വകുപ്പുകൾ കെ.ബി. ഗണേഷ്കുമാറിനും ലഭിക്കും. സർക്കാരിനോടുള്ള ഗണേഷിന്റെ സമീപനവും നിലപാടുകളും തന്നെയാണ് ഗണേഷിന് തിരിച്ചടിയായി മാറുന്നത്.

സോളാർ വിവാദത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഗണേഷിനെ മന്ത്രിയാക്കിയാൽ, പ്രതിഷേധങ്ങൾ കനക്കുമെന്നുള്ള അഭിപ്രായം പൊതുവെയുണ്ട്. സോളാർ ഗൂഢാലോചനയുടെ സൂത്രധാരന്മാരിൽ ഗണേഷുമുൾപ്പെട്ടിട്ടുണ്ടെന്നാണ് സോളാർ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനിബാലകൃഷ്ണനുൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും ധാരണ പ്രകാരം ഗണേഷിനെ മന്ത്രിയാക്കണമെന്നുമാണ് സി.പി. എമ്മിൽ ഒരുവിഭാഗത്തിന്റെ ഉറച്ച തീരുമാനം.

ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഗണേഷിനെ മന്ത്രിയാക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മണ്ഡലത്തിലെ സിപിഎം പ്രാദേശിക നേതൃത്വം ഗണേഷിനെ മന്ത്രിയാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാൽ മന്ത്രിയാക്കണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടേണ്ടതില്ലെന്നും, ധാരണയിൽ നിന്ന് പിറകോട്ട് പോയാൽ അപ്പോൾ കാര്യം പറയാമെന്നുമാണ് ഗണേഷിന്റെ പാർട്ടിയായ കേരള കോൺഗ്രസ് ബിയുടെ തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭ മണ്ഡലത്തിൽ ഗണേഷ് കുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായവും ഇടതുമുന്നണിയിലുണ്ട്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

Read Previous

ഷിയാസിനെതിരെ നിർബ്ബന്ധിത ഗർഭഛിദ്രത്തിനും കേസ്

Read Next

ദേശീയപാത നിർമ്മാണം ഇഴയുന്നു