ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ അന്തിമ നടപടികൾക്ക് കോടതി അനുമതി നൽകുമെന്ന പ്രതീക്ഷയിൽ തട്ടിപ്പിനിരയായവർ. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസുകളിൽ പ്രതികളായവരുടെ സ്വത്ത് വിവരങ്ങൾ ക്രൈംബ്രാഞ്ച് ധനകാര്യ സിക്രട്ടറിയുടെ നിർദ്ദേശ പ്രകാരം കലക്ടർക്ക് കൈമാറിയിട്ടുണ്ട്.
ഇതിന്റെ പരിശോധന തീരുന്ന മുറയ്ക്ക് ലിസ്റ്റ് കോടതിയിൽ സമർപ്പിക്കും. സ്വത്ത് കണ്ടുകെട്ടൽ നടപടിയിൽ അന്തിമ വാക്ക് കോടതിയുടേതായതിനാൽ നീതിപീഠം കനിയുമെന്ന പ്രതീക്ഷയിലാണ് തട്ടിപ്പിനിരയായവർ. നിക്ഷേപത്തട്ടിപ്പ് കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾക്ക് ധനകാര്യ സിക്രട്ടറി അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർ നടപടികൾക്കായി കണ്ണൂർ ജില്ലാ കലക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യപ്പെട്ട 168 വഞ്ചനാക്കേസ്സുകളിലും ബഡ്സ് ആക്ട് ചുമത്തിയത് കണ്ണൂർ ക്രൈംബ്രാഞ്ച് സൂപ്രണ്ട് പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്. കേസ് റജിസ്റ്റർ ചെയ്തിട്ട് 3 വർഷത്തോളമായെങ്കിലും കുറ്റപത്ര സമർപ്പണം വേഗത്തിലാക്കാൻ പി.പി. സദാനന്ദൻ ക്രൈംബ്രാഞ്ച് സൂപ്രണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നു.
ഇൗ മാസം അവസാനത്തോടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുകളുടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഇൗ സാഹചര്യം കൂടി പരിഗണിച്ചാണ് കുറ്റപത്ര സമർപ്പണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച് കരുക്കൾ നീക്കുന്നത്.
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടിക്ക് കോടതി അനുമതി ലഭിച്ചാൽ 180 ദിവസങ്ങൾക്കുള്ളിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ ലേലം ചെയ്ത് തട്ടിപ്പിനിരയായവർക്ക് പണം നൽകാൻ കഴിയും. പ്രതികളുടെ കുടുംബ സ്വത്തടക്കം കണ്ടുകെട്ടി ലേലത്തിൽ പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് തടസ്സങ്ങളില്ലെന്നാണ് നിയമ വിദഗ്ദർ നൽകുന്ന സൂചന.
റജിസ്റ്റർ ചെയ്യപ്പെട്ട 168 കേസുകൾക്ക് പുറമെ 14 കേസുകൾ കൂടി ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് സംഘത്തിനെതിരെ പുതുതായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ പ്രഖ്യാപനത്തിന് ശേഷമാണ് പുതിയ പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിലെത്തിയത്. കുറ്റപത്ര സമർപ്പണം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പുതിയ പരാതികൾ ക്രൈംബ്രാഞ്ചിന് തലവേദനയായിട്ടുണ്ട്.