ചാനൽ ബിഗ്ബോസ് താരത്തിനെതിരെ ചന്തേരയിൽ ബലാത്സംഗക്കേസ്സ്

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ചാനൽ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് പരിപാടിയിലെ താരത്തിനെതിരെ ബലാത്സംഗ പരാതി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുപ്പത്തിരണ്ടുകാരിയുടെ പരാതിയിലാണ് കേസ്.  ജിം ട്രെയിനറായ യുവതിയുടെ പരാതിയിലാണ് ബിഗ് ബോസ് താരവും ടെലിവിഷൻ ചാനലുകളിലെ പരിചിത മുഖവുമായ എറണാകുളം പെരുമ്പാവൂരിലെ ഷിയാസ് കരീമിനെതിരെ 34, ചന്തേര പോലീസ് കേസെടുത്തത്.

2021 മുതൽ 2023 മാർച്ച്  വരെ എറണാകുളം, മൂന്നാർ മുതലായ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ ഷിയാസ് കരീം തന്നെ പല തവണ ലൈംഗിക  പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഷിയാസ് കരീം യുവതിയെ ലൈംഗിക വേഴ്ചയ്ക്കിരയാക്കിയത്. ഓഗസ്റ്റ്ന 4-ന് ഷിയാസ് കരീം വിവാഹിതനായതോടെയാണ് യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് കരീം ജിം ട്രെയിനറായ യുവതിയുമായി പരിചയത്തിലാകുകയും പരിചയ ബന്ധം മുതലെടുത്ത് ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു.

സ്വകാര്യ ടെലിവിഷൻ ചാനലിൽ മോഹൻലാൽ അവതിപ്പിച്ച ബിഗ്ബോസ് റിയാലിറ്റിഷോയിലെ മത്സരാർത്ഥിയായിരുന്നു ഷിയാസ് കരീം. ഷോ ജനകീയമായതോടെ ഷിയാസിനും ഏറെ ആരാധകരുണ്ടായി.  ഷോയിൽ നിന്നും പുറത്തായ ശേഷം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ ഗെയിം ഷോയിലെത്തിയ ഷിയാസ് കരീം മലയാളികൾക്കെല്ലാം  സുപരിചിതനാണ്. പീഡനം നടന്നത് എറണാകുളത്തായതിനാൽ ഷിയാസ് കരീമിനെതിരെയുള്ള പീഡനക്കേസ്സ് സംഭവം നടന്ന പരിധിയിലെ പോലീസ് സ്റ്റേഷന് കൈമാറും.

Read Previous

വിദ്യാർത്ഥിയെ മർദ്ദിച്ച മാതൃകാമുകൻ അറസ്റ്റിൽ

Read Next

കൗൺസിലർ  സരസ്വതി പരസ്യ പ്രസ്താവന നടത്തണമെന്ന് സിപിഎം – നിർദ്ദേശം സരസ്വതി തള്ളിക്കളഞ്ഞു