കൗൺസിലർ  സരസ്വതി പരസ്യ പ്രസ്താവന നടത്തണമെന്ന് സിപിഎം – നിർദ്ദേശം സരസ്വതി തള്ളിക്കളഞ്ഞു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപിയിൽ ചേരാൻ ഒരുങ്ങിപ്പുറപ്പെട്ട കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ മധുരങ്കൈ വാർഡിൽ നിന്നുള്ള കൗൺസിലർ കെ.വി. സരസ്വതി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. ഉപ്പിലിക്കൈ തെക്കേക്കരമ്മലിൽ സരസ്വതിയും കുടുംബവും താമസിച്ചുവരുന്ന വീട്ടിലേക്കുള്ള വഴി സ്ഥലമുടമ അടച്ചിട്ടതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് വഴി തുറക്കാൻ സരസ്വതി ഒരുവർഷക്കാലം  സിപിഎം ഏരിയാ നേതൃത്വത്തിന്റെ പിന്നാലെ പോയെങ്കിലും, വീട്ടിലേക്കുള്ള റോഡ് തുറന്നുകൊടുക്കാൻ പാർട്ടിക്ക് കഴിയാത്ത സാഹചര്യത്തിലാണ് സരസ്വതി ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിക്ക് പരാതി നൽകിയത്.

ബിജെപി മണ്ഡലം കമ്മിറ്റി ഭാരഹാവികൾ വഴിത്തർക്കത്തിൽ  എതൃകക്ഷിയുമായി സംസാരിച്ചുവെങ്കിലും, വീട്ടിലേക്കുള്ള വഴി ഇനിയും തുറന്നിട്ടില്ല. അതിനിടയിൽ ബിജെപിയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച സരസ്വതിയെ സമന്വയിപ്പിക്കാൻ സിപിഎം ഏരിയാ നേതൃത്വം ചുമതലപ്പെടുത്തിയ നാലംഗ പാർട്ടി ദൂതന്മാർ ഇന്നലെ വീട്ടിലെത്തി സരസ്വതിയുമായി സംസാരിച്ചു.

ബിജെപിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച സരസ്വതി തനിക്ക് തെറ്റുപറ്റിപ്പോയെന്ന് കാണിച്ച് ബിജെപിയെ തള്ളിപ്പറഞ്ഞുകൊണ്ട് മാധ്യമങ്ങൾക്ക് സ്വന്തം നിലയിൽ പ്രസ്താവന നൽകണമെന്ന പാർട്ടി തീരുമാനം സിപിഎം പ്രതിനിധികൾ സരസ്വതിയെ നേരിട്ട് അറിയിക്കുകയായിരുന്നു. ഇത്തരമൊരു പ്രസ്താവന പത്രങ്ങളിൽ പ്രസിദ്ധീകരിച്ചുവന്നതിന് ശേഷം സരസ്വതിയുടെ വഴിത്തർക്കത്തിൽ ഇടപെടാമെന്ന പാർട്ടി ദൂതരുടെ നിർദ്ദേശം സരസ്വതി ചെവിക്കൊണ്ടില്ല.

സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രിയേഷ് നങ്ങച്ചൂർ, എൽ.സി. അംഗങ്ങളായ സന്തോഷ്, പുതുക്കൈ ദാമോദരൻ, ഉദയൻ എന്നിവരാണ് പാർട്ടി നിർദ്ദേശവുമായി ഇന്നലെ കൗൺസിർ സരസ്വതിയെ നേരിൽക്കണ്ടത്. വീട്ടിലേക്കുള്ള റോഡ് ആദ്യം ശരിയാക്കിത്തരണമെന്നും, ബിജെപിയെ കണ്ടതിൽ തെറ്റുപറ്റിപ്പോയെന്ന പരസ്യ പ്ര   സ്താവന പിന്നീട് നൽകാമെന്ന് സരസ്വതി പാർട്ടി ദൂതരെ അറിയിച്ചു.

സരസ്വതിയുടെ വീടുൾപ്പെടുന്ന ഉപ്പിലിക്കൈ തെക്കേക്കരമ്മൽ  പാർട്ടി ബ്രാഞ്ച് സിക്രട്ടറി   രാജേഷിനെ മാറ്റി നിർത്തിയാണ് സിപിഎം ദൂതന്മാർ കൗൺസിലർ സരസ്വതിയെ   നേരിൽക്കണ്ടത്. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയാണ് സരസ്വതി. സരസ്വതിയെ ഈ പദവിയിൽ നിന്ന് മാറ്റലാണ് ഇനി സിപിഎമ്മിന് ചെയ്യാനുള്ള പ്രതികാര നടപടി.

സ്റ്റാന്റിംഗ് കമ്മിറ്റിയിൽ നിന്ന് പാർട്ടി സരസ്വതിയെ ഒഴിവാക്കിയാൽ സരസ്വതി പ്രതിപക്ഷത്ത് ചേർന്നാലും തിരിച്ച് സ്റ്റാന്റിംഗ് കമ്മിറ്റിയിലെത്താനുള്ള വോട്ടിംഗ് പിന്തുണ സരസ്വതിക്ക് ലഭിക്കും. സരസ്വതിക്കെതിരെ പാർട്ടി നടപടി വന്നാൽ ഉറപ്പായും സരസ്വതിയെ ബിജെപി  കൈനീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ സരസ്വതിയുടെ ബിജെപി പ്രവേശനം വന്നെത്താതിരിക്കാൻ നഗരസഭാ ബിജെപി തൽക്കാലം  സരസ്വതിക്ക് പിന്നിൽ നിന്ന് പിന്തുണ നൽകുകയും ചെയ്യുന്ന രാഷ്ട്രീയ നീക്കമായിരിക്കും ഇനി കാണാൻ പോകുന്നത്. സിപിഎം കൗൺസിലർ ബിജെപിയിലേക്ക് പോയാൽ സംഭവത്തിന് സംസ്ഥാനതലത്തിൽ രാഷ്ട്രീയ പ്രാധാന്യമേറും.

LatestDaily

Read Previous

ചാനൽ ബിഗ്ബോസ് താരത്തിനെതിരെ ചന്തേരയിൽ ബലാത്സംഗക്കേസ്സ്

Read Next

കിണറ്റിൽച്ചാടി മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടി