തുരപ്പൻ സന്തോഷ്‌ മോഷ്ടിച്ച സ്വർണ്ണമാല പോലീസ്‌ കണ്ടെടുത്തു

പരപ്പ : പരപ്പയിലെ  ഫാമിലി സൂപ്പർമാർക്കറ്റിൽനിന്നും തുരപ്പൻ സന്തോഷ്‌ മോഷ്ടിച്ച സ്വർണ്ണമാല പോലീസ്‌ കണ്ടെടുത്തു. മോഷ്ടാവ് തുരപ്പൻ സന്തോഷിനെയും കൊണ്ട്‌  വെള്ളരിക്കുണ്ട് പോലീസ് ഇരിട്ടിയിലെ ജ്വല്ലറിയിൽ നടത്തിയ തെളിവെടുപ്പിലാണ്‌ മാല കണ്ടെത്തിയത്‌.    കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഫാമിലി സൂപ്പർമാർക്കറ്റിൽനിന്നും മോഷ്ടിച്ച മാല ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി പറഞ്ഞത്.  

ബളാലിലെ രതീഷ്‌ കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌  ഫാമിലി സൂപ്പർമാർക്കറ്റ്‌.  ഫാമിലി സൂപ്പർമാർക്കറ്റിന് തൊട്ടടുത്തുള്ള അഞ്ചരക്കണ്ടി അനാദിക്കടയിലും ഇതിന് രണ്ടുദിവസം മുമ്പ് പരപ്പയിലെ സപ്ലൈകോ ഷോറൂമിലും മോഷണശ്രമം നടന്നിരുന്നു. ഇതിനുശേഷം ബിരിക്കുളത്തെ ഷെമീറിന്റെ ബേക്കറിയുടെ പൂട്ടുപൊളിച്ച് മേശവലിപ്പിലെ 300രൂപ മോഷ്ടിച്ചു. 

എം രതീഷിന്റെ പരാതിയിലാണ് തുരപ്പൻ സന്തോഷ് പിടിയിലായത്. പോലീസ്‌ ടൗണിൽനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.  തെളിവെടുപ്പിനുശേഷം തുരപ്പൻ സന്തോഷിനെ  കോടതിയിൽ ഹാജരാക്കി. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയാണ് തുരപ്പൻ സന്തോഷ്.

Read Previous

കുട്ടിഡ്രൈവിംഗ്; ചന്തേരയിൽ ഒരു ദിവസം 5 കേസുകൾ

Read Next

വ്യാജ പാസ്പോർട്ട് കേസിൽ പോലീസ്  ഉദ്യോഗസ്ഥന് സസ്പെൻഷൻ