കാസർകോട് : കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പോർട്ട് കേസിൽ പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കാസർകോട് ഡി.സി.ആർ.ബി.യിലെ ഇ.പി. ചന്ദ്രനെതിരെയാണ് നടപടിക്ക് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. പാസ്പോർട്ട് ആക്ട് പ്രകാരം 74 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
18 കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾക്കും സർക്കാർ ഉത്തരവായി. പാസ്പോർട്ടുകൾക്കായി എസ്.എച്ച്.ഒ.യുടെ പേരിൽ വ്യാജ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകിയതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്. പോലീസ് ഉദ്യോഗസ്ഥൻ ഒരേ കുറ്റകൃത്യത്തിൽ ആവർത്തിച്ച് ഉൾപ്പെട്ടിരിക്കുന്നത് ഗൗരവമുള്ളതിനാലും അത്തരം ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നത് സേനയുടെ അന്തസ്സിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലുമാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.