ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നിയമനവുമായി ബന്ധപ്പെട്ട അസംതൃപ്തി കാഞ്ഞങ്ങാട് ബ്ലോക്കിൽ പുകയുന്നു. കാസർകോട് ജില്ലയിൽ ബ്ലോക്ക് കോൺഗ്രസ് നിയമനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ അവകാശപ്പെടുന്നുണ്ടെങ്കിലും, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് നിയമനത്തിനെതിരെ കാഞ്ഞങ്ങാട്, കരിന്തളം, അജാനൂർ എന്നിവിടങ്ങളിൽ ഏ ഗ്രൂപ്പ് പാർട്ടി പരിപാടികളോട് തീർത്തും നിസ്സഹകരണത്തിലാണ്.
കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ഹൊസ്ദുർഗ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്ന പ്രവീൺ തോയമ്മലിനെയാണ്. കെപിസിസിക്കയച്ച ഭാരവാഹി ലിസ്റ്റിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി നിർദ്ദേശിച്ച ഏക നാമം പ്രവീൺ തോയമ്മലിന്റേതായിരുന്നു.
ഭാരവാഹി ലിസ്റ്റ് പുറത്തുവന്നപ്പോൾ പ്രവീൺ തോയമ്മൽ പുറത്താകുകയും, രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നോമിനിയായ ഉമേശൻ വേളൂർ ബ്ലോക്ക് പ്രസിഡണ്ടാകുകയും ചെയ്തു. ഏ ഗ്രൂപ്പിന് അവകാശപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം ഉമേശൻ വേളൂരിന് ലഭിച്ചതിൽ ഏ ഗ്രൂപ്പ് അനുഭാവികൾ കടുത്ത പ്രതിഷേധത്തിലാണ്.
ഈ പ്രതിഷേധം അടുത്തമാസം നടക്കുന്ന ഹൊസ്ദുർഗ് ഹൗസിങ്ങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ബാധിക്കാനിടയുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഹൗസിങ്ങ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഏ ഗ്രൂപ്പിന്റെ സഹകരണം വേണം. ഡിസിസി പ്രസിഡണ്ട് തന്നിഷ്ട പ്രകാരം തീരുമാനങ്ങളെടുക്കുന്നതാണ് ജില്ലയിലെ പ്രശ്നങ്ങളെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
ജില്ലാ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന ഡിസിസി പ്രസിഡണ്ടിന്റെ അവകാശവാദം കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി സോണി സെബാസ്റ്റ്യൻ എതിർത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാതെ കോൺഗ്രസിന് മുന്നോട്ട് പോകാനുമാകില്ല.