സംയുക്ത ജമാഅത്തുമായി മാണിക്കോത്ത്  ജമാഅത്തിനും നിസ്സഹകരണം

സ്വന്തം ലേഖകൻ

അജാനൂർ : സംയുക്ത ജമാഅത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന്   പ്രാദേശിക ജമാഅത്തായ മാണിക്കോത്ത് ജമാഅത്തും സംയുക്ത ജമാഅത്തുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സംയുക്ത ജമാഅത്തിന് കീഴിലുള്ള അതിഞ്ഞാൽ, കൊളവയൽ, പുതിയകോട്ട എന്നീ മഹല്ല് കമ്മിറ്റികളും സമാനമായ തീരുമാനമാണ് നേരത്തെ കൈക്കൊണ്ടിട്ടുള്ളത്.

2023 ജൂലായ് 5-ന് സംയുക്ത ജമാഅത്ത്  ജനറൽ ബോഡിയോഗം, പുതിയ പ്രസിഡണ്ടായി തെക്കേപ്പുറം ജമാഅത്തിൽ നിന്നുള്ള പാലക്കി സി. കുഞ്ഞാമദ് ഹാജിയെ പ്രസിഡണ്ടായി ഐക്യകണ്ഠേന തിരഞ്ഞെടുത്തിരുന്നു. തുടർന്ന് ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് നോർത്ത് ചിത്താരിയിൽ നിന്നുള്ള ബശീർ വെള്ളിക്കോത്തിനെ ഹിത പരിശോധനയിലൂടെയും തിരഞ്ഞെടുത്തതോടെയാണ് അംഗങ്ങൾ കടുത്ത പ്രതിഷേധത്തിന് തിരി കൊളുത്തിയത്.

ഏതാണ്ട് 370 പ്രതിനിധികൾ പങ്കെടുത്ത സംയുക്ത ജമാഅത്തിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് നിലവിൽ പ്രസിഡണ്ടായ പാലക്കി സി. കുഞ്ഞാമദ് ഹാജിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തത്. പിന്നീട് ബശീർ വെള്ളിക്കോത്തിനെ ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതോടെയാണ് ഏതാനും ചിലർ വിയോജിപ്പുമായി രംഗത്തു വന്നത്.

കാഞ്ഞങ്ങാട്ടും ഇതര പ്രദേശങ്ങളിലുമായി 74 മഹല്ലുകളിലെ മുഴുവൻ കുടുംബങ്ങളെയും പ്രതിനിധീകരിക്കുന്ന കാര്യാലയമായ സംയുക്ത ജമാഅത്തിന്റെ സ്ഥാനത്തിരിക്കുന്നവർ ദീനി ബോധമുള്ളവരും പദവിയോട് അന്തസ്സ് പുലർത്തുന്ന മാന്യന്മാരുമായിരിക്കണമെന്നുമുള്ളതാണ് മാണിക്കോത്ത്  മുസ്്ലീം ജമാഅത്ത് കമ്മിറ്റിയുടെ നിലപാട്. മഹല്ലിലെ മനസാന്ദ്രതക്ക് ആനുപാതികമായി സംയുക്ത ജമാഅത്ത് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനുള്ള അംഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന പ്രധാനപ്പെട്ട  ആവശ്യവും മാണിക്കോത്ത് മുസ്്ലീം ജമാഅത്ത് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്.

ഗൗരവമായ ഇരുവിഷയങ്ങളിലും ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കഴിഞ്ഞ ദിവസം മാണിക്കോത്ത് മുസ്്ലീം ജമാഅത്ത് കമ്മിറ്റി സംയുക്ത ജമാഅത്ത് കമ്മിറ്റിക്ക് കൈമാറിയിരുന്നു. പരാതിയുമായെത്തുന്ന മഹല്ല് കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളുടെ അനുമതിയോടെയും ആശിർവാദത്തോടെയും 2 മാസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട സംയുക്ത ജമാഅത്ത് ഭാരവാഹികളിൽ ചിലർക്കെതിരെ ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വൈമുഖ്യം മറ്റെന്തോ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നാണ് സംയുക്ത ജമാഅത്തിലെ ഒരുവിഭാഗം കുറ്റപ്പെടുത്തുന്നത്.

സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിച്ച് നാടിന്റെയും മഹല്ലുകളുടെയും പുരോഗതിക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സംയുക്ത ജമാഅത്തിന്റെ മൂല്യങ്ങളെ താഴ്്ത്തിക്കെട്ടാനുള്ള അധികാര മോഹികളായ ചില നേതാക്കളാണ് സംയുക്ത ജമാഅത്തിനെ വിവാദങ്ങളിലേക്ക് തള്ളിയിടുന്നതെന്നും ഇവർ ആരോപിക്കുന്നു. അതിനിടെ മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റി നൽകിയ കത്തിന് അനുകൂലമായ തീരുമാനമാകാത്ത പക്ഷം മാണിക്കോത്ത് ജമാഅത്തംഗം ഇപ്പോൾ വഹിച്ചുവരുന്ന സംയുക്ത ജമാഅത്തിന്റെ വൈസ്പ്രസിഡണ്ട് സ്ഥാനം രാജി വെക്കുമെന്ന മുന്നറിയിപ്പും സംയുക്ത ജമാഅത്തിന് നൽകിയ കത്തിലുണ്ട്.

LatestDaily

Read Previous

കെ. റെയിൽ മഞ്ഞക്കുറ്റി, ഭൂവുടമകൾക്ക് കുരുക്ക്

Read Next

ചിത്താരി വില്ലേജ് ഓഫീസ് അനാഥം