സിപിഎം കൗൺസിലർ ബിജെപിയിൽ ചേർന്നേക്കും

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: സിപിഎമ്മിന്റെ നഗരസഭാ കൗൺസിലർ ഉപ്പിലിക്കൈയിലെ കെ.വി. സരസ്വതി ബിജെപിയിൽ ചേരാനുള്ള ഒരുക്കത്തിൽ. സരസ്വതിയുടെ വീട്ടിലേക്കുള്ള വഴിത്തർക്കം സിപിഎം നേതാക്കളുടെ  ശ്രദ്ധയിൽപ്പെടുത്തിയിട്ടും, പാർട്ടി കാഞ്ഞങ്ങാട് ഏരിയാ നേതൃത്വം കൗൺസിലറോടും കുടുംബത്തോടും മുഖം തിരിച്ചുനിന്ന നീക്കത്തിൽ പ്രതിഷേധിച്ച് സരസ്വതി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടും, വഴിത്തർക്കം പരിഹരിക്കാൻ കഴിയാതെ പാർട്ടി നേതൃത്വം ഒഴിഞ്ഞുമാറുകയായിരുന്നു.

വീട്ടിലേക്ക് പോകുന്ന വഴിത്തർക്കം പോലും പരിഹരിക്കാൻ കഴിയാത്ത സിപിഎം ഏരിയാ നേതൃത്വത്തോട് പകരം വീട്ടാനാണ് മധുരങ്കൈ വാർഡ് 25-ൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സരസ്വതി ബിജെപിയുടെ സഹായം തേടിയത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സ്ഥലം സന്ദർശിക്കുകയും, സരസ്വതിക്ക് 2012-ൽ തൊട്ടടുത്ത പറമ്പിന്റെ ഉടമകൾ റോഡ് അനുവദിച്ചതായ രേഖകളും മറ്റും പരിശോധിച്ച് സരസ്വതിയുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

സരസ്വതിയുടെ വീട്ടിലേക്ക് വഴി നൽകാനുള്ള രേഖകൾ സ്ത്രീയുടെ കൈയ്യിലുണ്ടായിട്ടും, സിപിഎം സ്വന്തം പാർട്ടി കൗൺസിലറെ സഹായിച്ചില്ല. കേസ്സ് നിലവിലുള്ളതിനാലാണ് വഴിത്തർക്കത്തിൽ ഇടപെടാതിരുന്നതെന്ന് സിപിഎം ഏരിയാ നേതൃത്വം പുറത്തുവിട്ടുവെങ്കിലും, വഴി സംബന്ധിച്ച് കേസ്സ് ഒരു കോടതിയിലും നിലവിലില്ല.

സരസ്വതിയുടെ വീട്ടിലേക്കുള്ള വഴി ഈ ഭൂമി ഭാഗം വെച്ചു കിട്ടിയ കോൺഗ്രസ് പ്രവർത്തകൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് അടച്ചത്. സരസ്വതിയും കുടുംബവും ഇപ്പോൾ മറ്റൊരു ദുർഘട വഴിയിലൂടെ ചുറ്റിയാണ് വീട്ടിലെത്തുന്നത്. വീട്ടിലേക്കുള്ള വഴിത്തർക്കം പോലും പരിഹരിക്കുന്നതിൽ കൗൺസിലർ എന്ന നിലയിലല്ല, ഒരു സാധാരണ സ്ത്രീ എന്ന നിലയിലെങ്കിലും, സ്വന്തം പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് സരസ്വതി ബിജെപിയോട് ആഭിമുഖ്യം പുലർത്താൻ മുന്നിട്ടിറങ്ങിയത്.

Read Previous

ബ്യൂട്ടീഷ്യൻ കൊലക്കേസ്സിൽ 84 സാക്ഷികൾ, പ്രതി കത്തി വാങ്ങിയ കിച്ച്മാർട്ട് കടയിലെ 5 പേർ സാക്ഷികൾ

Read Next

കെ. റെയിൽ മഞ്ഞക്കുറ്റി, ഭൂവുടമകൾക്ക് കുരുക്ക്