കെ. റെയിൽ മഞ്ഞക്കുറ്റി, ഭൂവുടമകൾക്ക് കുരുക്ക്

സ്വന്തം ലേഖകൻ

അജാനൂർ : കെ. റെയിൽ പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ പറമ്പിൽ സ്ഥാപിച്ച തൂണുകൾ മൂലം വസ്തു കൈമാറ്റം ചെയ്യാനാകാതെ ഭൂവുടമകൾ വലയുന്നു. രണ്ട് വർഷം മുമ്പ് സിൽവർ ലൈനിന്റെ ഭാഗമായി നിലവിലുള്ള റെയിൽ പാതയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പറമ്പുകളിലാണ് കെ. റെയിൽ ഏറ്റെടുക്കലിന്റെ ഭാഗമായി മഞ്ഞക്കുറ്റികൾ സ്ഥാപിച്ചിരുന്നത്.

അജാനൂർ പഞ്ചായത്തിലെ അതിഞ്ഞാൽ, മാണിക്കോത്ത്, ചിത്താരി, ചേറ്റുകുണ്ട് ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന വസ്തുവിലാണ് കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത്. പറമ്പ് വാങ്ങാനെത്തുന്നവർ തലയുയർത്തി നിൽക്കുന്ന മഞ്ഞക്കുറ്റി കണ്ട് കച്ചവടത്തിൽ നിന്നും പിന്മാറുകയാണ് ചെയ്യുന്നതെന്ന് മാണിക്കോത്തെ ഭൂവുടമ കോട്ടക്കുളത്തിൽ രവീന്ദ്രൻ പറഞ്ഞു.

കെ. റെയിൽ പദ്ധതിയുടെ ആദ്യപടിയായി പലയിടങ്ങളിലും പോലീസ് സന്നാഹം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയുമാണ് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ റവന്യൂ അധികൃതരുടെ മേൽനോട്ടത്തിൽ കുറ്റികൾ നാട്ടിയിരുന്നത്. കെ. റെയിൽ പദ്ധതി ഏതാണ്ട് ഉപേക്ഷിച്ചിട്ടും നിയമ വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുറ്റികൾ ഇപ്പോഴും പറമ്പുകളിൽ ബലിക്കല്ല് പോലെ കിടക്കുന്നു.

LatestDaily

Read Previous

സിപിഎം കൗൺസിലർ ബിജെപിയിൽ ചേർന്നേക്കും

Read Next

സംയുക്ത ജമാഅത്തുമായി മാണിക്കോത്ത്  ജമാഅത്തിനും നിസ്സഹകരണം