ബ്യൂട്ടീഷ്യൻ കൊലക്കേസ്സിൽ 84 സാക്ഷികൾ, പ്രതി കത്തി വാങ്ങിയ കിച്ച്മാർട്ട് കടയിലെ 5 പേർ സാക്ഷികൾ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ഉദുമ ബാര മുക്കുന്നോത്തെ ബ്യൂട്ടീഷ്യൻ യുവതി പി.ബി. ദേവികയെ 34, കാഞ്ഞങ്ങാട്ട് കാമുകൻ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസ്സിൽ മൊത്തം 84 സാക്ഷികൾ. ഹൊസ്ദുർഗ്ഗ് പോലീസ് തയ്യാറാക്കി ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിക്ക് സമർപ്പിച്ച അഞ്ഞൂറ് പേജുകൾ വരുന്ന കുറ്റപത്രമടക്കമുള്ള രേഖകൾ ജില്ലാ സെഷൻസ് കോടതിക്ക് അയക്കാനുള്ള നടപടികൾ ഹൊസ്ദുർഗ്ഗ് കോടതിയിൽ പൂർത്തിയായി വരുന്നു.

അതിക്രൂരമായാണ് മുപ്പത്തിനാലുകാരിയായ ദേവികയെ കാമുകൻ ബോവിക്കാനം സ്വദേശി സതീഷ് ഭാസ്ക്കർ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2023 മെയ് 16-ന് ഉച്ചയ്ക്ക് 2-04 മണിക്ക് പുതിയകോട്ടയിൽ പ്രവർത്തിക്കുന്ന ഫോർട്ട് വിഹാർ ഹോട്ടലിന്റെ 304-ാം നമ്പർ മുറിയിലാണ് ദേവിക കൊല ചെയ്യപ്പെട്ടത്.

സംഭവ ദിവസം രാവിലെ ഉദുമ മുക്കുന്നോത്ത് കാവിലുള്ള സ്വന്തം വീട്ടിൽ നിന്ന് കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ നടന്ന ബ്യൂട്ടീഷ്യൻമാരുടെ ഒത്തുകൂടൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദേവികയെ ഒരു ഓട്ടോയിൽ പിന്തുടർന്നെത്തിയ പ്രതിയും യുവതിയുടെ കാമുകനുമായ സതീഷ് ഭാസ്ക്കർ 34, ബലം പ്രയോഗിച്ച് പുതിയകോട്ടയിൽ പ്രതി താമസിച്ചിരുന്ന ഹോട്ടലിന്റെ നാലാംനിലയിലുള്ള 304-ാം നമ്പർ മുറിയിലെത്തിച്ച് അവസാനത്തെ ആഗ്രഹമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ‘ഉറങ്ങിക്കോ’ എന്ന് പറഞ്ഞ് കിടക്കയിൽ കിടത്തിയ ശേഷം അലമാരയിൽ പ്രതി നേരത്തെ കരുതി വെച്ചിരുന്ന സ്റ്റീൽ കത്തി കൊണ്ട് കഴുത്തറുത്ത് കൊല ചെയ്തുവെന്ന് പോലീസ് കോടതിയിലെത്തിച്ച പ്രമാദമായ ഇൗ കേസ്സിന്റെ കുറ്റപത്രത്തിൽ പറയുന്നു.

കേസ്സിൽ 84 പേർ സാക്ഷികളാണ്. സാക്ഷികളിൽ പ്രധാനപ്പെട്ടവർ പ്രതി കാമുകിയെ കൊലപ്പെടുത്തണമെന്നുള്ള ഗൂഢലക്ഷ്യം മനസ്സിൽ പ്ലാൻ ചെയ്ത ശേഷം കാഞ്ഞങ്ങാട് കോട്ടച്ചേരിയിലുള്ള കിച്ച് മാർട്ട് എന്ന ഗൃഹോപകരണ വിൽപ്പന സ്ഥാപനത്തിൽ നിന്ന് രണ്ട് സ്റ്റീൽ കഠാരകൾ വാങ്ങിയതാണ്. കിച്ച് മാർട്ട് സ്ഥാപനത്തിന്റെ ഉടമ പടന്നക്കാട്  നെഹ്റു കോളേജിനടുത്ത്  തെക്കേടം റോഡിൽ താമസിക്കുന്ന ടി.ഏ. മുഹമ്മദ്കുഞ്ഞിയുടെ മകൻ ടി.എം. മുനീർ ഇൗ കേസ്സിൽ നാലാം സാക്ഷിയാണ്. കിച്ച് മാർട്ടിലെ സെയിൽസ് ജീവനക്കാരി തളിപ്പറമ്പ ഉളിക്കൽ വില്ലേജിൽ പതിനാറാം പന്തലിൽ താമസിക്കുന്ന അഞ്ജലി കാവുങ്കൽ 28, കേസ്സിൽ 33-ാം സാക്ഷിയാണ്. കിച്ച് മാർട്ടിലെ തന്നെ ബില്ലിംഗ് സ്റ്റാഫ് കർണ്ണാടക കരിക്കെ വില്ലേജിൽ ചെത്തുകയത്ത് താമസിക്കുന്ന രത്നകുമാറിന്റെ മകൾ ആർ. രശ്മി 32-ാം സാക്ഷിയാണ്.

കിച്ച് മാർട്ടിലെ അക്കൗണ്ടന്റ് ബളാന്തോട് സ്വദേശി ഡേവിഡ് എന്ന ദേവസ്യ 32, കേസ്സിൽ 31-ാം സാക്ഷിയാണ്. കിച്ച്മാർട്ടിലെ ഗോഡൗൺ ജീവനക്കാരൻ തീർത്ഥങ്കരയിലെ അക്ഷയ് 24, കേസ്സിൽ 30-ാം സാക്ഷിയാണ്. പ്രതി സതീഷ് കത്തി വാങ്ങിയെന്നതിനും, പ്രതിയുടെ മുൻകൂട്ടിയുള്ള കൊലപാതക ഗൂഢാലോചന തെളിയിക്കുന്നതിനുമാണ് പ്രതി രണ്ട് സ്റ്റീൽ കത്തികൾ വാങ്ങിയതിനുള്ള തെളിവായി കിച്ച് മാർട്ടിലെ അഞ്ചു ജീവനക്കാരെ കേസ്സിൽ മുഖ്യസാക്ഷികളാക്കി പോലീസ് കുറ്റ പത്രം സമർപ്പിച്ചത്.

കിച്ച് മാർട്ടിലെ ബില്ലിംഗ് സ്റ്റാഫ് മുതൽ സ്ഥാപനത്തിന്റെ ലൈസൻസി ടി.ഏ. മുനീർ, പ്രതി കത്തി വാങ്ങാൻ കിച്ച് മാർട്ടിലെത്തിയതിനുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു നൽകിയ അക്ഷയ് തീർത്ഥങ്കര അടക്കമുള്ള അഞ്ചുപേരെയാണ് സാക്ഷികളാക്കിയത്. കോട്ടച്ചേരി റാംനഗർ റോഡിലുള്ള എമിറേറ്റ്സ് ഹോട്ടലിന്റെ ഉടമ ഏഴാം മൈലിൽ താമസിക്കുന്ന പ്രവാസി പള്ളിക്കര വിജയനേയും 52, കേസ്സിൽ 44-ാം സാക്ഷിയാക്കിയിട്ടുണ്ട്.

LatestDaily

Read Previous

ബൈക്കിലെത്തി സ്വർണ്ണമാല കവർന്നു

Read Next

സിപിഎം കൗൺസിലർ ബിജെപിയിൽ ചേർന്നേക്കും