പുതുപ്പള്ളി പരാജയം: സിപിഎം നേതാക്കളുടെ കസേരയിളകും

കാഞ്ഞങ്ങാട് : പുതുപ്പള്ളി മണ്ഡലത്തിലെ ദയനീയ തോൽവിയിൽ നടുങ്ങി സി പി എം സംസ്ഥാനക്കമ്മിറ്റിയും കോട്ടയം ജില്ലാക്കമ്മിറ്റിയും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന ജെയ്ക്ക് സി തോമസിന്റെ ഇത്തവണത്തെ പരാജയം സിപിഎം വോട്ടുകളിൽ ചോർച്ചയുണ്ടായെന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ബി.ജെ.പി വോട്ടുകളടക്കം ചാണ്ടി ഉമ്മന് അനുകൂലമായി ധ്രുവീകരിച്ച തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മരിച്ചതിനെതുടർന്നുണ്ടായ സഹതാപ തരംഗവും ചാണ്ടി ഉമ്മന് അനുകൂല ഘടകമായി. വെൽഫെയർ പാർട്ടിയുടെ പിന്തുണയും ചാണ്ടി ഉമ്മനുണ്ടായിരുന്നു. വികസനം ചർച്ച ചെയ്താണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നതെങ്കിലും പുതുപ്പള്ളിയിലെ വോട്ടർമാർ ഉമ്മൻചാണ്ടിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

മന്ത്രി വി.എൻ. വാസവന്റെ ജില്ലയിലാണ് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടതെന്നതിനാൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടു ചർച്ചയ്ക്ക് മന്ത്രിയടക്കം മറുപടി പറയേണ്ടിവരും. പുതുപ്പള്ളിയിലെ പരാജയത്തിൽ ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയെ പഴിചാരുന്നുണ്ടെങ്കിലും പരാജയത്തിന്റെ യഥാർത്ഥ കാരണം സി.പി.എം വോട്ടു ചോർച്ചയാണ്.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും 3 ബ്ലോക്ക് പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതു മുന്നണിയാണെങ്കിലും പുതുപ്പള്ളി തെരഞ്ഞടുപ്പ് ഫലത്തിൽ അതിന്റെ ഗുണങ്ങൾ എൽ.ഡി.എഫിന് ലഭിച്ചിട്ടില്ല. സിപിഎമ്മിനെ ഏതു വിധേനയും പരാജയപ്പെടുത്തണമെന്ന കാര്യത്തിൽ കോൺഗ്രസും- ബി.ജെ.പിയും ഒരേ മനസ്സായതും ചാണ്ടി ഉമ്മന്റെ വിജയം എളുപ്പമാക്കി. തൃക്കാക്കര ഉപതെരഞ്ഞടുപ്പിന് സമാനമായി പുതുപ്പള്ളിയിലും ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ ചാണ്ടിഉമ്മന് ലഭിച്ചതും യു.ഡി.എഫ് വിജയം അനായാസമാക്കി.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന്റെ സീറ്റ് നിലയെ ബാധിച്ചിട്ടില്ലെങ്കിലും മുന്നണിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജയ്ക്കിന് അനുകൂലമായുണ്ടായ ജനവികാരം വോട്ടാകാത്തതും ഇടതുമുന്നണിക്ക് വിനയായി. വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിൽ എൽ.ഡി.എഫിനേറ്റ കനത്ത പരാജയം ഇടതുമുന്നണി ക്യാമ്പുകളെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

മന്ത്രി വി.എൻ. വാസവൻ ജില്ലാ സെക്രട്ടറിയായിരുന്ന കോട്ടയം ജില്ലയിൽ മുഖ്യമന്ത്രിമാരും, മന്ത്രിമാരും പല തവണ പ്രചാരണത്തിനെത്തിയിട്ടും വികസന വാഗ്ദാനങ്ങളെല്ലാം തള്ളിക്കളഞ്ഞ് പുതുപ്പള്ളിയാലെ വോട്ടർമാർ ഉമ്മൻചാണ്ടിയെന്ന വികാരത്തിന് വോട്ട് കുത്തുകയായിരുന്നു. പുതുപ്പള്ളി പരാജയത്തിൽ വരും നാളുകളിൽ സി.പി.എമ്മിലെ പലരുടെയും  സ്ഥാനങ്ങൾക്ക് ഇളക്കം വരാനും സാധ്യതയുണ്ട്.  

LatestDaily

Read Previous

തുരപ്പൻ സന്തോഷ് റിമാന്റിൽ

Read Next

കാസർകോട് ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ സിപിഎം കാസർകോട് ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ സിപിഎം