ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നിലവിലെ എൽഡിഎഫ് ലീഡ് 1,60,781, യുഡിഎഫ് ലീഡ് 13,646
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ നഷ്ടപ്പെട്ട കാസർകോട് ലോക്സഭാ മണ്ഡലം തിരിച്ചു പിടിക്കാൻ സിപിഎം അണിയറ നീക്കങ്ങളാരംഭിച്ചു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണ് സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ആലപ്പുഴയൊഴിച്ച് 19 മണ്ഡലങ്ങളും കോൺഗ്രസ്സിനൊപ്പം നിന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയവും കല്ല്യോട്ട് ഇരട്ടക്കൊലപാതകവും തെരഞ്ഞെടുപ്പ് വിഷയമായതോടെയാണ് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജില്ലാ ഇടതുമുന്നണി കൺവീനർ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ നേടിയെടുത്തതിന്റെ ഊർജ്ജത്തിലാണ് ഇക്കുറി കാസർകോട് ലോക്സഭാ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്ക് സിപിഎം തുടക്കമിട്ടത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി നിലവിൽ എൽഡിഎഫിന് 1,60,781 വോട്ടിന്റെ ഭൂരിപക്ഷവും കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി യുഡിഎഫിന് 13,646 വോട്ടിന്റെ ഭൂരിപക്ഷവുമാണുള്ളത്. മണ്ഡല രൂപീകരണ കാലം തൊട്ട് ഇടതുമുന്നണി ആധിപത്യം പുലർത്തിയിരുന്ന കാസർകോട് ലോക്സഭാ മണ്ഡലത്തെ 1956 മുതൽ 1967 വരെ ഏകെജിയാണ് പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവായ പി. കരുണാകരനെ 3 തവണ ലോക്സഭയിലേക്കയച്ച മണ്ഡലം കൂടിയാണ് കാസർകോട്.
വിജയമുറപ്പിച്ചിരുന്ന സീറ്റിൽ ഇടതുകേന്ദ്രങ്ങളെയാകെ ഞെട്ടിച്ചാണ് കഴിഞ്ഞ തവണ കെ.പി സതീഷ് ചന്ദ്രൻ പരാജയപ്പെട്ടത്. സിപിഎം വോട്ടുകൾ പോലും രാജ്മോഹൻ ഉണ്ണിത്താന് മറിയുകയും, ബിജെപി ഒരു കൈ സഹായിക്കുകയും ചെയ്തതോടെയാണ് കഴിഞ്ഞ തവണ രാജ്മോഹൻ ഉണ്ണിത്താന് വിജയം അനായാസമായത്. കാസർകോട് ലോക്സഭാ മണ്ഡലത്തിന് കീഴിൽ 7 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇവയിൽ അഞ്ചെണ്ണം ഇടതുപക്ഷത്തിന് ആധിപത്യമുള്ളതാണ്. ഉദുമയിൽ 13,332, കാഞ്ഞങ്ങാട്ട് 27,139, തൃക്കരിപ്പൂരിൽ 26,137, പയ്യന്നൂരിൽ 49,780, കല്ല്യാശ്ശേരിയിൽ 44, 393 എന്നിങ്ങനെയാണ് ഇടതുഭൂരിപക്ഷം.
യുഡിഎഫ് പ്രതിനിധീകരിക്കുന്ന മഞ്ചേശ്വരത്ത് 745, കാസർകോട്ട് 12,901 എന്നിങ്ങനെയാണ് വോട്ടിംഗ് ഭൂരിപക്ഷം. നിലവിലുള്ള വോട്ടിംഗ് ശതമാനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനായാസ വിജയം നൽകുമെങ്കിലും, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അമിതമായ ആത്മവിശ്വാസത്തെത്തുടർന്നുണ്ടായ പരാജയം സിപിഎമ്മിനെ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാരെന്ന് വ്യക്തമായിട്ടില്ലെങ്കിലും, കെ.പി. സതീഷ്ചന്ദ്രൻ, വി.പി.പി. മുസ്തഫ, സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
രണ്ടാമത് ഒരു തവണ കൂടി കാസർകോട്ട് മത്സരിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ കച്ച മുറുക്കിയിട്ടുണ്ട്. ഉണ്ണിത്താനെ ഒരു തവണ കൂടി കാസര്കോട്ട് മത്സരിപ്പിക്കാൻ ജില്ലയിലെ കോൺഗ്ര്സ നേതൃത്വം സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഡിസിസിക്ക് സമാന്തരമായി സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയ ഉണ്ണിത്താനെ ഒതുക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ്സിലും ആരംഭിച്ചിട്ടുണ്ട്.