ജില്ലാ പഞ്ചായത്തംഗത്തിന് മണൽ മാഫിയാ ബന്ധം; ലീഗ് പ്രതിരോധത്തിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഗുണ്ടാ സംഘങ്ങളുമായും മണൽ മാഫിയാ സംഘങ്ങളുമായി ജില്ലാ പഞ്ചായത്തംഗവും മുസ്്ലീം ലീഗ് നേതാവുമായ ഗോൾഡൻ അബ്ദുൾ റഹ്മാനുള്ള ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിൽ ഉത്തരമില്ലാതെ ലീഗ് നേതൃത്വം. മഞ്ചേശ്വരം എസ്.ഐ, പി. അനൂപിനെ മണൽ മാഫിയ ആക്രമിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്തംഗമായ ലീഗ് നേതാവ് റിമാന്റിലായതോടെ ഗുണ്ടാ സംഘങ്ങളും മുസ്്ലീം ലീഗ് നേതാവുമായുള്ള അവിശുദ്ധ ബന്ധമാണ് പുറത്തായത്.

എസ്ഐയെ ആക്രമിച്ച സംഘത്തിൽ ഗുണ്ടാത്തലവൻ കാലിയാ റഫീഖിനെ വെടിവെച്ച് കൊന്ന സംഘത്തിൽപ്പെട്ടയാളുമുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സെപ്തംബർ 3-നാണ്  രാത്രികാല പരിശോധന നടത്തുകയായിരുന്ന  മഞ്ചേശ്വരം എസ് ഐ, പി. അനൂപിനെ ഉപ്പള ഹിദായത്ത് നഗറിൽ മണൽമാഫിയ സംഘം ആക്രമിച്ചത്.

ആക്രമണത്തിൽ പി. അനൂപിന്റെ കയ്യൊടിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥരും കയ്യേറ്റത്തിനിരയായി. പോലീസിനെ കയ്യേറ്റം ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെ കാറിടിപ്പിച്ച് അപായപ്പെടുത്തുവാനും ശ്രമമുണ്ടായി. മണൽമാഫിയ സംഘത്തോടൊപ്പം ചേർന്ന് ജില്ലാ പഞ്ചായത്തംഗവും പോലീസിനെ കയ്യേറ്റം  ചെയ്തതിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഗോൾഡൻ അബ്ദുൾ റഹ്മാന്  മണൽ മാഫിയയുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് മണൽ മാഫിയയോടൊപ്പം ചേർന്ന് പോലീസിനെ കയ്യേറ്റം ചെയ്ത സംഭവമെന്നും  പ്രദേശത്തെ സിപിഎം പ്രവർത്തകർ ആരോപിക്കുന്നു. മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷൻ പരിധികളിൽ പോലീസും മാഫിയാ സംഘങ്ങളും തമ്മിലുള്ള ഏറ്റമുമുട്ടൽ പതിവാണ്. പോലീസിന് നേരെ ഗുണ്ടാ സംഘങ്ങൾ വെടിയുതിർത്ത സംഭവവും മുമ്പുണ്ടായിട്ടുണ്ട്.

കുമ്പളയിലും മഞ്ചേശ്വരത്തും അധോലോക വാഴ്ച നടത്തുന്ന ഗുണ്ടാ സംഘങ്ങളുമായി  മുസ്്ലീം ലീഗ് ജനപ്രതിനിധിക്ക് എന്ത് ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. മഞ്ചേശ്വരം എംഎൽഏയായിരുന്ന എം.സി. ഖമറുദ്ദീനെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് കേസ്സുകളിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന മുസ്്ലീം ലീഗ് ജില്ലാ നേതൃത്വത്തിന് ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൾ റഹ്മാനെതിരെയുള്ള ഗുണ്ടാ ആക്രമണക്കേസ്  കൂനിൻമേൽ കുരുവായി. വിഷയത്തിൽ മുസ്്ലീം ലീഗ് ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല

LatestDaily

Read Previous

കാസർകോട് ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ സിപിഎം കാസർകോട് ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ സിപിഎം

Read Next

ഭാര്യയെ വധിക്കാൻ ശ്രമിച്ച ഭർത്താവിനെതിരെ കേസ്