ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ്സിൽ ഭർത്താവിനെ കോടതി വിട്ടയച്ചു

സ്റ്റാഫ് ലേഖകൻ

കാസർകോട്: ബിരുദ വിദ്യാർത്ഥിനി ബദിയഡുക്കയിലെ തോത്തി 20, ഭർതൃഗൃഹത്തിൽ കെട്ടിത്തൂങ്ങി മരിച്ച കേസ്സിൽ ഭർത്താവും പ്രവാസിയുമായ അജാനൂർ വെള്ളിക്കോത്തെ വിപിൻദാസ് 35, കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് മനോജ്കുമാർ വിട്ടയച്ചു. മൂന്നു വർഷം മുമ്പാണ് വിപിൻദാസിന്റെ ഭാര്യ തോത്തി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയത്. വിവാഹത്തിന്റെ മൂന്നാം മാസം ഒരു നാൾ രാത്രിയിലാണ് തോത്തി ആത്മഹത്യ ചെയ്തത്.

 തന്റെ മരണത്തിന് ഉത്തരവാദി വിപിനേട്ടനാണെന്ന് യുവതി എഴുതിവെച്ച കത്തിന്റെ ബലത്തിൽ വിപിൻദാസിനെ പ്രതി ചേർത്ത് ഹൊസ്ദുർഗ്ഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി, കെ. ദാമോദരനും, പിന്നീട് കുറ്റപത്രം കോടതിയിലെത്തിച്ചത് ഡിവൈഎസ്പി, പി.കെ. സുധാകരനുമാണ്. 113 നിയമം ഏ അനുസരിച്ച് വിവാഹം കഴിഞ്ഞ് 7 വർഷത്തിനകം ഭാര്യ  ആത്മഹത്യ ചെയ്താൽ ഭർത്താവിനെ പ്രതി ചേർക്കുന്ന നിയമമാണിത്.

കാസർകോട് ത്രിവേണി കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ തോത്തിയുടെ  ആത്മഹത്യയുടെ യഥാർത്ഥ കാരണം കേസ്സ് വിചാരണ നടത്തിയ സെഷൻസ് കോടതിക്കും ദുരൂഹ നിലയിലായിരുന്നു. തോത്തി ആത്മഹത്യ ചെയ്തതിന് തലേദിവസം ബദിയഡുക്കയിലെ വീട്ടിൽ നിന്ന് കാലത്ത് 9 മണിക്ക് പുറപ്പെട്ടതായി സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നുവെങ്കിലും, തോത്തി ഭർതൃഗൃഹത്തിലെത്തിയത് അന്നുച്ചയ്ക്ക് ശേഷമാണെന്ന് കേസ്സ് വിചാരണ വേളയിൽ കോടതിക്ക് ബോധ്യപ്പെട്ടു.

തോത്തി ജീവനൊടുക്കുമ്പോൾ ഭർത്താവ് വിപിൻദാസ് ഗൾഫിലായിരുന്നു. യുവതി അനീഷ് എന്ന യുവാവുമായി ഇഷ്ടത്തിലായിരുന്നുവെന്ന് കേസ്സ് വിചാരണവേളയിൽ സാക്ഷി വിസ്താരങ്ങളിൽ നിന്ന് പുറത്തുവന്നിരുന്നു. ഈ യുവാവ് തോത്തിയെ വിവാഹം കഴിക്കാൻ ആലോചിച്ചതിന് ശേഷമാണ് വീട്ടുകാർ പെൺകുട്ടിയെ വിപിൻദാസിന് വിവാഹം ചെയ്തുകൊടുത്തതെന്നും കേസ്സ് വിചാരണവേളയിൽ പുറത്തുവന്നിരുന്നു. ബദിയഡുക്കയിലെ ബേബിയുടെ മകളാണ് തോത്തി. കാഞ്ഞങ്ങാട് ജനത സഹകരണ പ്രസ്സിലെ മുൻ ജീവനക്കാരൻ വെള്ളിക്കോത്തെ ഗണപതിയുടെ മകനാണ് വിപിൻദാസ്.

Read Previous

എ.ഐ. ക്യാമറ വന്നതോടെ വഴിയാധാരമായത് 70 കോടി മുടക്കിയ എം.വി.ഡിയുടെ 220 ക്യാമറകള്‍

Read Next

ഗഫൂർ ഹാജി മരണം സിബിഐ അന്വേഷിക്കണം