തുരപ്പൻ സന്തോഷ് റിമാന്റിൽ

സ്വന്തം ലേഖകൻ

വെള്ളരിക്കുണ്ട് : പരപ്പയിലെ ഹൈപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ സംഭവത്തിൽ പിടിയിലായ മോഷ്ടാവ് കുടിയാന്മല നടുവിൽ പുലിക്കുരുമ്പയിലെ തുരപ്പൻ സന്തോഷ് 38, റിമാന്റിൽ. വ്യാഴാഴ്ച രാത്രി നടുവിൽ ടൗണിലാണ് പോലീസ് സന്തോഷിനെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പരപ്പ ടൗണിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 53,000 രൂപയും 15,000 രൂപ വിലവരുന്ന സ്വർണ്ണ ബ്രേസ്്ലെറ്റും കവർന്ന സംഭവത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് തുരപ്പൻ സന്തോഷിനെ പോലീസ് പിടികൂടിയത്. സന്തോഷ് ഹൈപ്പർ മാർക്കറ്റിൽ കവർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതാണ് പോലീസിന്റെ അന്വേഷണത്തിന് തുണയായത്.

ഇന്നലെ വെള്ളരിക്കുണ്ട് പോലീസ് മോഷ്ടാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പരപ്പ ടൗണിലെ സപ്ലൈകോ ഔട്ട്്ലെറ്റിലും ബേക്കറിയിലും മോഷണം നടന്നിരുന്നു. ഇതിന് പിന്നിലും സന്തോഷാണോയെന്ന് പോലീസ് സംശയിക്കുന്നു. കടകളുടെ ചുമര് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിന് വിദഗ്ദനായ മോഷ്ടാവാണ് സന്തോഷ്. ചുമർ തുരന്നുള്ള മോഷണ ശൈലിയിലൂടെയാണ് സന്തോഷിന് തൊരപ്പൻ സന്തോഷെന്ന പേര് വീണത്.

മലഞ്ചരക്ക് കടകളുടെ ചുമർ കുത്തിത്തുറന്ന് മലഞ്ചരക്കുകൾ മോഷ്ടിക്കുന്നതാണ് സ്ഥിരം ശൈലി. മോഷണ വസ്തുക്കൾ കൊണ്ടുപോകാനായി സന്തോഷിന് സ്വന്തം വാഹനവുമുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യാവൂരിലും ഉളിക്കൽ സ്റ്റേഷൻ പരിധിയിലും സന്തോഷ് കവർച്ച നടത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Read Previous

എഴുത്തച്ചൻ ശിൽപ്പം അനാച്ഛാദനം ചെയ്തു

Read Next

പുതുപ്പള്ളി പരാജയം: സിപിഎം നേതാക്കളുടെ കസേരയിളകും