നീലേശ്വരം പുതിയ ബസ് സ്റ്റാന്റ് അടുത്തെങ്ങുമില്ല

സ്വന്തം ലേഖകൻ

നീലേശ്വരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടി ഇടതുപക്ഷം നടത്തുന്ന പ്രചാരണങ്ങൾക്ക് ബദലായി നീലേശ്വരം ബസ് സ്റ്റാന്റ് ചൂണ്ടിക്കാട്ടി സൈബറിടങ്ങളിൽ പ്രതിരോധം. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പ്രതിനിധാനം ചെയ്തിരുന്ന നീലേശ്വരം മണ്ഡലത്തിന്റെ ആസ്ഥാന ടൗണിൽ നിലവിലുള്ള ബസ് സ്റ്റാന്റിന്റെ ചിത്രം പങ്കുവെച്ചാണ് വലത് പ്രൊഫൈലുകളിൽ പ്രതിരോധം.

രണ്ട് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത കാസർകോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയും സൈബറിടങ്ങളിൽ വിമർശനമുയരുന്നുണ്ട്. കാസർകോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായവരാണ് ഇഎംഎസ്സും ഇ.കെ. നായനാരും. അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന കാസർകോട് ജില്ലാ രൂപീകരണത്തിന് ശേഷവും അവഗണനയുടെ നിഴലിൽത്തന്നെയാണെന്നാണ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് ആരോപിക്കുന്നത്.

ദീർഘകാലമായി ഇടതുഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ള നീലേശ്വരം നഗരസഭയിൽ നഗരസഭാ രൂപീകരണത്തിന് ശേഷം മറ്റൊരു മുന്നണിയും അധികാരത്തിലെത്തിയിട്ടില്ല. കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന പഞ്ചായത്ത് പിന്നീട് സിപിഎം പിടിച്ചെടുക്കുകയും, നഗരസഭാ രൂപീകരണത്തിന് ശേഷവും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുകയുമായിരുന്നു. കെ.പി. ജയരാജൻ നഗരസഭാധ്യക്ഷനായിരുന്ന കാലത്താണ് നീലേശ്വരത്ത് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്റ് കാലപ്പഴക്കത്തിന്റെ പേര് പറഞ്ഞ് പൊളിച്ചു മാറ്റിയത്.

പൊളിച്ച ബസ് സ്റ്റാന്റിന് പകരം തകരപ്പാട്ട കൊണ്ടുള്ള ബസ് സ്റ്റാന്റ് നിർമ്മിച്ച നഗരസഭാ ഭരണസമിതി പുതിയ ബസ് സ്റ്റാന്റ് നിർമ്മിക്കാനുള്ള ഫയലിൽ അടയിരിക്കുകയാണെന്നാണ് നീലേശ്വരം നിവാസികളുടെ പരാതി. നീലേശ്വരം ബസ് സ്റ്റാന്റ് നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് നഗരസഭ  അവകാശവാദമുന്നയിച്ചിരുന്നുവെങ്കിലും, ബസ് സ്റ്റാന്റ് നിർമ്മാണ വിഷയത്തിൽ നഗരസഭാ ഭരണസമിതി ഇപ്പോൾ ഒന്നും മിണ്ടുന്നില്ല.

LatestDaily

Read Previous

ഗഫൂർ ഹാജി മരണം സിബിഐ അന്വേഷിക്കണം

Read Next

പലേഡിയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം 10 ന്