ഗഫൂർ ഹാജി മരണം സിബിഐ അന്വേഷിക്കണം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ദുരൂഹ സാഹചര്യത്തിൽ മരിച്ച പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി സി.കെ. അബ്ദുൾ ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നും കാണാതായ 600 പവൻ സ്വർണ്ണാഭരണങ്ങളെക്കുറിച്ചുള്ള അന്വേഷണം അഞ്ച് മാസമായി ഇഴയുന്ന സാഹചര്യത്തിൽ കേസ്സിൽ സിബിഐ അന്വേഷണം വേണമെന്ന് നാട്ടുകാർ 2023 ഏപ്രിൽ 14-ന് പൂച്ചക്കാട്ടെ ബൈത്തുൽ റഹ്മയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അബ്ദുൾ ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നും കാണാതായ മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണത്തെക്കുറിച്ചുള്ള കേസ്സിൽ സിബിഐ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കേസ്സിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഗഫൂർ ഹാജി ആക്ഷൻ കമ്മിറ്റി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള കടലാസ് പണികൾ അന്തിമ ഘട്ടത്തിലാണ്. ഗഫൂർ ഹാജിയുടെ മരണം വീഴ്ച മൂലം തലയ്ക്കേറ്റ ആഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ സാഹചര്യത്തിൽ മരണത്തിലെ ദുരൂഹത അകന്നെങ്കിലും ഇദ്ദേഹം വീട്ടിൽ സൂക്ഷിച്ചിരുന്ന 600 പവൻ സ്വർണ്ണം എവിടെയെന്ന ചോദ്യം ബാക്കിയാണ്.

ഏപ്രിൽ 14-ന് പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗഫൂർ ഹാജിയുടെ മൃതദേഹം സ്വാഭാവിക മരണമെന്ന് കരുതി ബന്ധുക്കൾ മറവു ചെയ്തിരുന്നു. സ്വർണ്ണം കാണാനില്ലെന്ന വിവരമറിഞ്ഞതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു. തുടർന്ന് ഗഫൂർ ഹാജിയുടെ മകന്റെ പരാതിയിൽ കേസെടുത്ത ബേക്കൽ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.

ആന്തരികാവയവങ്ങൾ പരിശോധിച്ച ഫോറൻസിക് ലാബ് റിപ്പോർട്ട് മരണത്തിൽ കൊലപാതക സാധ്യത തള്ളുക്കളയുന്നതായിരുന്നു. മാങ്ങാട്ടെ വിവാദ ജിന്ന് യുവതിയുമായി അബ്ദുൾ ഗഫൂർ ഹാജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ജിന്ന് യുവതിയെ പോലീസ് ഒന്നിലധികം തവണ ചോദ്യം ചെയ്തുവെങ്കിലും ഫലമുണ്ടായില്ല.

ജിന്നിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള പോലീസിന്റെ അപേക്ഷ യുവതിയുടെ നിസ്സഹകരണം മൂലം നടന്നില്ല. ഹണി ട്രാപ്പ് കേസ്സിൽ പ്രതിയായിരുന്ന ജിന്ന് യുവതിക്ക് ഗഫൂർ ഹാജിയുടെ കാണാതായ സ്വർണ്ണത്തെക്കുറിച്ച് അറിയാമെന്നാണ് നാട്ടുകാർ പറയുന്നത്. യുവതി നുണപ്പരിശോധനയ്ക്ക് വിസ്സമ്മതിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കാണാതായ വിഷയത്തിൽ ബേക്കൽ പോലീസ് നടത്തുന്ന അന്വേഷണം പൂർണ്ണ പരാജയമാണെന്നാണ് നാട്ടുകാരുടെ വാദം.

ജിന്ന് യുവതി സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഗഫൂർ ഹാജിയുടെ 600 പവൻ സ്വർണ്ണം തട്ടിയെടുത്തെന്നാണ് സംശയം. ജിന്ന് വിദ്യയിലൂെട സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതി മുമ്പും തട്ടിപ്പുകൾ നടത്തിയിരുന്നു. ഗഫൂർ ഹാജിയുടെ മരണവും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കാണാതായ സംഭവവും തമ്മിൽ ബന്ധമുണ്ടെന്നാണ് നാട്ടുകാരും ഗഫൂർ ഹാജിയുടെ ബന്ധുക്കളും പറയുന്നത്. സംഭവം നടന്ന് അഞ്ച് മാസം തികയുമ്പോഴും പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്നാവശ്യമുയരുന്നത്.

LatestDaily

Read Previous

ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ്സിൽ ഭർത്താവിനെ കോടതി വിട്ടയച്ചു

Read Next

നീലേശ്വരം പുതിയ ബസ് സ്റ്റാന്റ് അടുത്തെങ്ങുമില്ല