ബെംഗളൂരുവിൽ  മലയാളി യുവാവിനെ കുത്തിക്കൊന്ന യുവതി അറസ്റ്റിൽ

ബെംഗളൂരു: തർക്കത്തെ തുടർന്ന് പങ്കാളിയെ കുത്തിക്കൊന്ന 34 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെലഗാവി സ്വദേശിനി രേണുകയാണ് അറസ്റ്റിലായത്. മലയാളിയായ ജാവേദാണ് കൊല്ലപ്പെട്ടത്. ഇയാൾ കണ്ണൂർ സ്വദേശിയാണെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച അക്ഷയ നഗറിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം.ഇരുവരും കഴിഞ്ഞ മൂന്നര വർഷമായി ഒരുമിച്ച് കഴിയുകയായിരുന്നു.

വാടക വീട്, ലോഡ്ജ്, സർവീസ് അപ്പാർട്ട്‌മെന്റുകൾ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. രണ്ടാളും തമ്മിൽ തർക്കം പതിവായിരുന്നു. ചൊവ്വാഴ്ച, വാക്കുതർക്കം രൂക്ഷമായപ്പോൾ രേണുക, ജാവേദിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ജാവേദിനെ മുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി. അടുത്തായി രേണുക ഇരിക്കുന്നതും കണ്ടു. അയൽവാസികൾ ഉടൻ തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രേണുക കുറ്റം സമ്മതിച്ചതായി ഹുളിമാവ് പൊലീസ് അറിയിച്ചു.

Read Previous

പലേഡിയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം 10 ന്

Read Next

യുവതി ട്രെയിൻതട്ടി മരിച്ചു