ജില്ലാ ആശുപത്രി കാത്ത് ലാബിൽ ഒ.പി. സമയം നീട്ടണമെന്ന് രോഗികൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്കായി  ആരംഭിച്ച കാത്ത് ലാബ് യൂണിറ്റിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമുള്ള ഒ.പി. സേവനം ആഴ്ചയിൽ ഏഴു ദിവസമാക്കി മാറ്റണമെന്ന  ആവശ്യം ശക്തമാകുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് യാഥാർത്ഥ്യമായത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിർമ്മാണം പൂർത്തീകരിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം മാസങ്ങൾക്ക് ശേഷം രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് മനസ്സില്ലാ മനസ്സോടെ നടത്തിയത്.

ജില്ലാ ആശുപത്രി കാത്ത് ലാബിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഒ.പി. പരിശോധന. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഒ.പി. വിഭാഗത്തിന് മുന്നിൽ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കാത്ത് ലാബ് ഒ.പി. വിഭാഗത്തിന്റെ പ്രവർത്തന സമയം നീട്ടണമെന്ന ആവശ്യമുയരുന്നത്. രണ്ട് ഡോക്ടർമാരുടെ സേവനം ആവശ്യമുള്ളിടത്ത് നിലവിൽ ഒരു വനിതാ ഡോക്ടറുടെ സേവനം മാത്രമാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്.

അതും ആഴ്ചയിൽ രണ്ട് ദിവസം മാത്രം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹൃദ്രോഗികൾക്ക് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് അനുഗ്രഹമാണെങ്കിലും, ആഴ്ചയിൽ രണ്ടുനാൾ ഒ.പി. പ്രവർത്തിക്കുന്നതിന് പിന്നിൽ കളികളുണ്ട്. സ്വകാര്യാശുപത്രിയിൽ പതിനായിരങ്ങൾ ചെലവ് വരുന്ന ഹൃദ്രോഗ പരിശോധനയും ചികിത്സയും ജില്ലാ ആശുപത്രിയിൽ ചുരുങ്ങിയ നിരക്കിൽ  നടത്താനാകും. ഇടക്കാലത്ത് കാത്ത് ലാബിന്റെ പ്രവർത്തനം നിലച്ചിരുന്നുവെങ്കിലും, ആഴ്ചകൾക്ക് മുമ്പ് കാത്ത് ലാബ് വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Read Previous

ഫാഷന്‍ ഗോള്‍ഡിനെതിരെ പിതാവിന്റെയും മകളുടെയും പരാതിയിൽ കേസ്

Read Next

എ.ഐ. ക്യാമറ വന്നതോടെ വഴിയാധാരമായത് 70 കോടി മുടക്കിയ എം.വി.ഡിയുടെ 220 ക്യാമറകള്‍