രണ്ടാം വന്ദേഭാരതിന്റെ യാത്ര തീരുമാനമായില്ല

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്പ്രസിന്റെ റൂട്ട് സംബന്ധിച്ച തീരുമാനം വൈകുന്നു. പുതിയ വന്ദേഭാരത് ട്രെയിൻ ചെന്നൈയിലെ റെയിൽവെ യാർഡിൽ റൂട്ടിനായി കാത്തു കിടക്കുകയാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് സെപ്തംബർ 1-ന് രാത്രി 8–45-ന് വന്ദേഭാരത് റേക്ക് പുറപ്പെട്ടപ്പോൾ അത് മംഗളൂരുവിലെത്തുമെന്നായിരുന്നു എല്ലാവരും കണക്ക് കൂട്ടിയത്.

റൂട്ടും ഉദ്ഘാടനവും റെയിൽവെ മന്ത്രി ഉടൻ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും, ഇൗ മാസം പന്ത്രണ്ട് കഴിഞ്ഞേ പ്രഖ്യാപനം ഉണ്ടാകുകയുള്ളുവെന്നാണ് ദക്ഷിണ റെയിൽവെ ആസ്ഥാനത്ത് നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം.  ഏതെങ്കിലും ഒരു സംസ്ഥാനത്തിന് മാത്രമായി വന്ദേഭാരത് അനുവദിച്ചാലുണ്ടാകുന്ന തിരിച്ചടി ഭയന്ന് കേരളം, തമിഴ്നാട്, കർണ്ണാടക, ഗോവ സംസ്ഥാനങ്ങളുൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏതിന് നൽകിയാലാണ് കൂടുതൽ രാഷ്ട്രീയ നേട്ടം എന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നോട്ടം.

ഗോവയിൽ നിന്ന് തുടങ്ങി മംഗളൂരു, ഷൊർണ്ണൂർ, പാലക്കാട് വഴി കോയമ്പത്തൂരിൽ അവസാനിക്കുന്ന ഒരു സർവ്വീസിനെക്കുറിച്ചാണ് ഇപ്പോഴത്തെ ആലോചന. എട്ട് റേക്കുകൾ മാത്രമുള്ള വന്ദേഭാരത് ഇത്രയധികം ദൂരം സർവ്വീസ് നടത്തുന്നതിലുള്ള പ്രശ്നങ്ങൾ റെയിൽവെ ബോർഡിനെ കുഴക്കുന്നുണ്ട്.   സർവ്വീസ് തുടങ്ങിയതിന് ശേഷം റേക്കുകളുടെ എണ്ണം കൂട്ടി പ്രശ്നം പരിഹരിക്കാനുള്ള സാധ്യതയുമുണ്ട്.

ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത് ലഭിച്ചുവെന്നായിരുന്നു തുടക്കം മുതലെയുണ്ടായ പ്രചാരണം. തിരുവനന്തപുരം -കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന വേളയിൽ രണ്ടാം വന്ദേഭാരതിന്റെ കാര്യം കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചിരുന്നു. മംഗളൂരു എറണാകുളം, മംഗളൂരു- തിരുവനന്തപുരം, മംഗളൂരു-കോയമ്പത്തൂർ റൂട്ടുകളാണ് കേരളത്തിനായി പരിഗണിക്കുന്നത്.

LatestDaily

Read Previous

ഹോട്ടൽ കെൻസ് തുറന്നു

Read Next

ഇല്ലാത്ത രോഗത്തിന് വല്ലാത്ത മരുന്ന് ലാബുകളിൽ തെറ്റായ ഫലം