ഇല്ലാത്ത രോഗത്തിന് വല്ലാത്ത മരുന്ന് ലാബുകളിൽ തെറ്റായ ഫലം

സ്വന്തം ലേഖകൻ

അജാനൂർ: ലാബുകളിൽ രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള രക്ത പരിശോധനകൾ നടത്തി പുറത്തുവിടുന്നത് തെറ്റായ വിവരങ്ങൾ. ഇക്കഴിഞ്ഞ ദിവസം അജാനൂർ മാണിക്കോത്തെ ഒരു സ്വകാര്യ ലാബിൽ നിന്ന് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് പരിശോധിച്ചയാൾക്ക് ലഭിച്ച ലാബ് റിപ്പോർട്ടിൽ 390 എംജി ആയിരുന്നു കോളസ്ട്രോൾ അളവ്.

എന്നാൽ കൊളസ്ട്രോൾ വർദ്ധിച്ചാലുണ്ടാകുന്ന യാതൊരുവിധ സൂചനയും ശരീരത്തിൽ പ്രകടമാവാതിരുന്ന ഇദ്ദേഹം സംശയ നിവാരണത്തിന്   മറ്റൊരു ലാബിൽ പരിശോധനയ്ക്ക്  വിധേയനായപ്പോൾ ലഭിച്ച ഫലത്തിലാവട്ടെ കൊളസ്ട്രോളിന്റെ അളവ് 202 എംജി ആയിരുന്നു.  വൈദ്യശാസ്ത്ര ചികിത്സാ രംഗത്ത് വലിയ പുരോഗതിയുണ്ടായിട്ടും രോഗികളുടെ രക്തം പരിശോധിച്ച് ലഭിക്കുന്ന ഇത്തരം വിപരീതഫലങ്ങൾ രോഗിയെ മാനസികമായി തകർക്കുകയാണ്.

ലാബിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകളുമായി ഡോക്ടറെ സമീപിച്ചാൽ യഥാർത്ഥ രോഗമറിയാതെ ലാബ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഭിഷഗ്വരൻമാർ മരുന്ന് കുറിക്കുന്നത്. ഇതുമൂലം രോഗി അനാവശ്യ മരുന്ന് സേവിക്കാനുള്ള സാഹചര്യത്തിനാണ് വഴിയൊരുങ്ങുന്നത്.

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ യൂറിക്ക് ആസിഡ് പോലുള്ള രോഗങ്ങളുടെ സ്ഥിതി അറിയുന്നതിന് ദിവസേന നൂറുകണക്കിനാളുകളാണ് സ്വകാര്യ ലാബുകളിലേക്കെത്തുന്നത്. ചില ലാബുകളിൽ നിന്നും ലഭിക്കുന്ന തെറ്റായ ഫലങ്ങൾ കാരണം, ഇല്ലാത്ത രോഗത്തിന് വേണ്ടിയാണ് പലരും മരുന്ന് കഴിക്കേണ്ടി വരുന്നത്. നഗരഗ്രാമ വ്യത്യാസമില്ലാതെ സമീപ കാലത്തായി സ്വകാര്യ ലാബുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

Read Previous

രണ്ടാം വന്ദേഭാരതിന്റെ യാത്ര തീരുമാനമായില്ല

Read Next

സ്വർണ്ണത്തിന് തൂക്കംകൂട്ടാൻ മെഴുകും ചെമ്പും;  നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്