സ്വർണ്ണത്തിന് തൂക്കംകൂട്ടാൻ മെഴുകും ചെമ്പും;  നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

കാസർകോട്: കണ്ടാല്‍ അസ്സല്‍ സ്വർണ്ണം. തൂക്കിയാലും മെഷീന്‍ വെച്ചാലും 916. എന്നാല്‍ തൂക്കം കിട്ടാന്‍ ഉള്ളില്‍ നിറയ്ക്കുന്നത് മെഴുക് (വാക്‌സ്). ഫൊറന്‍സിക് ലാബുകളിലെ പരിശോധനയിലാണ് ഇത്തരം സ്വർണ്ണം കണ്ടെത്തിയത്. തൂക്കം കൂട്ടാന്‍ ചെമ്പുമുതല്‍ മെഴുകുവരെ ഉപയോഗിച്ചുള്ള കബളിപ്പിക്കല്‍ ഏറുന്നു.

മൂന്നുപവന്റെ നല്ല ഡിസൈന്‍ മാല പണയംവെച്ച് ബാങ്കില്‍നിന്ന് പരമാവധി തുക വാങ്ങി. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുത്തില്ല. സംശയം പരാതിയായി. ഫൊറന്‍സിക് ലാബിലെ പരിശോധനയില്‍ മൂന്നുപവന്‍ സ്വര്‍ണത്തില്‍ രണ്ടുപവന്‍തൂക്കം മെഴുകാണെന്ന് കണ്ടെത്തി. ഇത്തരത്തില്‍ ഒട്ടേറെ കേസുകളാണ് ലാബുകളിലെത്തുന്നത്.

ഇഷ്ടമുള്ള ഡിസൈനുകളില്‍ ഇപ്പോള്‍ വാക്‌സ് ഗോള്‍ഡ് ലഭിക്കുന്നുണ്ട്. 916 സ്വര്‍ണത്തില്‍ തീര്‍ത്ത പകിട്ടുള്ള ഡിസൈനുകള്‍ക്ക് അകത്ത് മെഴുക് നിറച്ചാണ് തയ്യാറാക്കുന്നത്. വാക്‌സ് ഗോള്‍ഡിന് ആവശ്യക്കാരുമുണ്ട്. പണയം വെക്കുന്നവര്‍ യഥാര്‍ഥ ഒരുപവന്‍ തൂക്കത്തിനുപകരം മെഴുക് അടക്കമുള്ള മൂന്നുപവന്റെ തുക വാങ്ങും. പിന്നീട് തിരിച്ചെടുക്കില്ല. സംശയമുണ്ടായ ചില സ്ഥാപനങ്ങളാണ് അന്വേഷണവുമായി പിന്നാലെ പോകുന്നത്. ബാങ്കുകളില്‍ അപ്രൈസര്‍മാരും വ്യാജ സ്വര്‍ണം കണ്ടെത്താനുള്ള ഉപകരണവുമുണ്ട്. എന്നാല്‍, ഈ സംവിധാനമെല്ലാം വാക്‌സ് സ്വര്‍ണത്തിനുമുന്നില്‍ പരാജയപ്പെടുന്നു. സംശയം തോന്നി സ്വര്‍ണത്തിന്റെ ഉരച്ച ഭാഗത്ത് നൈട്രിക് ആസിഡ് മിശ്രിതം പുരട്ടിയാലും ഇത് പിടിക്കപ്പെടില്ല. അത്രയ്ക്ക് ആസൂത്രിതമാണ് തട്ടിപ്പുകാരുടെ ശൃംഖല.

മുക്കുപണ്ടം പണയംവെക്കുന്ന രീതിയും മാറി. ബാങ്കുകളില്‍നിന്ന് ഉരച്ചുനോക്കുന്ന ഭാഗത്തുമാത്രം അസ്സല്‍ 916 സ്വര്‍ണം ചേര്‍ക്കും. എന്നാല്‍ മാലയുടെ 95 ശതമാനവും മുക്കുപണ്ടമായിരിക്കും. ഉള്ളില്‍ ചെമ്പ് വെച്ച് മുകളില്‍ സ്വര്‍ണത്തകിട് വച്ച് നിര്‍മിക്കുന്നതും ലാബുകളിലെത്തുന്നു. ഇത് കാരറ്റ് അനലൈസറില്‍ ഉള്‍പ്പെടെ പിടിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

‘പണയംവെക്കുന്ന’ സ്വര്‍ണം ചില ഏജന്‍സികള്‍ നിര്‍മിക്കുന്ന വാക്‌സ് സ്വര്‍ണം പണയംവെക്കാന്‍ വാങ്ങുന്നവരുണ്ട്. പക്ഷേ, പ്രമുഖ ജൂവലറികള്‍ ഇതിനെ പ്രോത്സാഹിപ്പിക്കാറില്ല. ബാങ്കുകളിലെ സ്വര്‍ണപരിശോധനാസംവിധാനങ്ങള്‍ പഠിച്ചാണ് ‘പണയസ്വര്‍ണ’ തട്ടിപ്പ്. സ്വര്‍ണത്തില്‍ അധികം ചെമ്പും സിങ്കും ചേര്‍ത്തുള്ള പണയത്തട്ടിപ്പ് വളകളിലാണ് കൂടുതല്‍ നടക്കുന്നത്. ആഭരണം മുറിച്ചുനോക്കിയാലേ ഉള്ളിലെ ലോഹം ഏതെന്ന് തിരിച്ചറിയാനാകൂ. ഫൊറന്‍സിക് ലാബുകളില്‍ നൈട്രിക് ആസിഡ് മിശ്രിതത്തില്‍ ഇടുമ്പോള്‍ത്തന്നെ നീലനിറം വരും.

Read Previous

ഇല്ലാത്ത രോഗത്തിന് വല്ലാത്ത മരുന്ന് ലാബുകളിൽ തെറ്റായ ഫലം

Read Next

പോലീസ് സബ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി, എൻ. അൻസർ ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ