കുട്ടി ഡ്രൈവിംഗ് തുടരുന്നു, പാഠം പഠിക്കാതെ രക്ഷിതാക്കൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ലൈസൻസ് ലഭിക്കാത്ത പതിനേഴുകാരന് കാറോടിക്കാൻ വിട്ടുനൽകി മകനെ മരണത്തിലേക്ക് തള്ളിവിട്ട കുമ്പളയിലെ രക്ഷിതാക്കളുടെ ദുരവസ്ഥയിൽ പാഠം പഠിക്കാതെ ജില്ലയിൽ വീണ്ടും കുട്ടി ഡ്രൈവിംഗ് കേസുകൾ. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയതിന്  കഴിഞ്ഞ ദിവസം രണ്ട് കേസുകളാണ് മേൽപ്പറമ്പ്, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തത്.

മഞ്ചേശ്വരത്ത് സ്കൂട്ടി ഓടിക്കുന്നതിനിടെ പിടിയിലായ പതിനേഴുകാരന്റെയും മയിലാട്ടിയിൽ കാറോടിക്കുന്നതിനിടെ പിടിയിലായ പതിനേഴുകാരന്റെയും രക്ഷിതാക്കൾക്കെതിരെയാണ് കേസുകൾ. കുമ്പള അംഗഡിമൊഗർ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ ഫർഹാസ് 17, ലൈസൻസില്ലാതെ കാറോടിക്കുന്നതിനിടെ പോലീസിനെക്കണ്ട് ഭയന്ന് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞതിനെത്തുടർന്നാണ് മരിച്ചത്.          

മേൽപ്പറമ്പ് എസ്ഐ, അനുരൂപിന്റെ നേതൃത്വത്തിൽ മയിലാട്ടി ഞെക്ലിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കെ.എൽ 60 എൽ 6546 നമ്പർ കാറോടിച്ചെത്തിയ പതിനേഴുകാരൻ പിടിയിലായത്. ഉദുമ ബാര വെടിത്തൊട്ടി ഹൗസിൽ ഹരിഹരനാണ് 45, പ്രായപൂർത്തിയാകാത്ത മകന് കാറോടിക്കാൻ അനുവാദം നൽകിയത്.

സംഭവത്തിൽ കാറിന്റെ ഉടമസ്ഥനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിൽ മജീർപ്പള്ള ഹൊസങ്കടി, ആനക്കല്ലിൽ നടന്ന പരിശോധനയിലാണ് കെ.എൽ. 14 എൽ 9062 നമ്പർ സ്കൂട്ടി ഓടിച്ചെത്തിയ പതിനേഴുകാരൻ പിടിയിലായത്.

കൊടലമൊഗർ ഓടിപ്പറങ്കോടിയിലെ റാഷിദാണ് ലൈസൻസില്ലാത്ത മകന് വാഹനമോടിക്കാൻ നൽകിയത്. രക്ഷിതാക്കളുടെ അനാസ്ഥ ഒരു കുട്ടിയുടെ ജീവനെടുത്തുവെങ്കിലും ഇവയിൽ നിന്നൊന്നും പാഠമുൾക്കൊള്ളാൻ രക്ഷിതാക്കൾ തയ്യാറല്ലെന്നാണ് തുടർച്ചയായുള്ള കുട്ടി ഡ്രൈവിംഗ് േകസുകളിൽ നിന്നും മനസ്സിലാകുന്നത്.

LatestDaily

Read Previous

പർദ്ദ ധരിച്ചെത്തി ലാപ്ടോപ്പ് കവർന്നു

Read Next

ഹജ്ജ്  സേവനത്തിൽ തീർത്ഥാടകരിൽ അതൃപ്തി