വിലാസിനി ടീച്ചർ എത്തി ശിഷ്യഗണങ്ങൾ വന്ദിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നീണ്ട നാലുപതിറ്റാണ്ടിന് ശേഷം ശ്രദ്ദേയ അധ്യാപിക വിലാസിനി ടീച്ചർ ദീർഘകാലം താൻ പഠിപ്പിച്ച ദുർഗ്ഗാ ഹൈസ്കൂളിന്റെ തിരുമുറ്റത്ത് ഒരിക്കൽ കൂടി എത്തി. 1960 മുതൽ 76 വരെയുള്ള കാലഘട്ടത്തിൽ ദുർഗ്ഗാ ഹൈസ്കൂളിൽ സേവനമനുഷഠിക്കുകയും അധ്യാപകരിലും, വിദ്യാർത്ഥികളിലും ഒരു പോലെ ശ്രദ്ദേയയായിത്തീരുകയും ചെയ്ത അധ്യാപിക വിലാസിനി ടീച്ചർ സ്കൂളിൽ ഇന്ന് നടന്ന ഗുരുവന്ദനം പരിപാടിയിൽ സംബന്ധിക്കാനാണ് എത്തിയത്.

പ്രായാധിക്യം ഒന്നുകൊണ്ടും അലട്ടാതിരുന്ന വിലാസിനിടീച്ചർ കാലത്ത് എട്ടര മണിക്ക് തന്നെ സ്കൂളിലെത്തുകയും സ്കൂളും പരിസരവും നടന്നുകണ്ട് ഗതകാല സ്മരണകൾ അക്കാലത്തെ സഹപ്രവർത്തകരായ അധ്യാപികമാരോടും  പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പവും പങ്കിടുകയായിരുന്നു.  തലശ്ശേരി ചിറക്കരയിൽ നിന്ന് ഇന്നലെ തന്നെ വിലാസിനി ടീച്ചർ കാഞ്ഞങ്ങാട്ടെത്തിയിരുന്നു. 1948-ൽ സ്ഥാപിതമായ ദുർഗ്ഗഹൈസ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ദേശീയ അധ്യാപക ദിനമായ ഇന്ന് സ്കൂളിൽ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചത്.

ആദരവ് ഏറ്റുവാങ്ങാൻ ഈ സ്കൂളിലെ പൂർവ്വകാല അധ്യാപകരും അധ്യാപികമാരുമായ ഇരുപത്തിയഞ്ചോളം പേർ സ്കൂളിലെത്തിയിരുന്നു. ഇവരിൽ പ്രായം കൊണ്ട് മുതിർന്ന അധ്യാപികയാണ് വിലാസിനി.  രജതജൂബിലി ആഘോഷം പെരിയ കേരള കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർ ഡോ. എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

രജതജൂബിലി വർഷത്തിൽ സ്കൂൾ കെട്ടിടം മുഴുവൻ പുതുക്കിപ്പണിതിരുന്നു. സ്കൂളിന്റെ നാലുകെട്ടിന്  മധ്യത്തിലുള്ള ഓഡിറ്റോറിയം മേൽക്കൂര പാകി ഭംഗിയാക്കിയിട്ടുണ്ട്. പഴയ ഓടുകൾ മുഴുവൻ പുതുക്കി പുതിയതു സ്ഥാപിച്ചു. മീറ്റിംഗ് ഹാളിലും മറ്റും അകത്ത് മേൽക്കൂരയും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളുമൊക്കെയായി നിരവധി പേർ ഗുരുവനന്ദനം പരിപാടിയിൽ സജീവമായി സംബന്ധിച്ചു. സ്കൂൾ മാനേജർ കെ. വേണുഗോപാലൻ  നമ്പ്യാർ സ്വാഗതമാശംസിച്ചു.  പ്രധാനധ്യാപകൻ വിനോദ്കുമാർ മേലത്ത് ആദ്ധ്യാക്ഷം വഹിച്ചു.

LatestDaily

Read Previous

എസ്ഐയെ ആക്രമിച്ച മുസ്ലിം ലീ​ഗ് ജില്ലാ പഞ്ചായത്തം​ഗം അറസ്റ്റിൽ

Read Next

ഭൂമി തരം മാറ്റൽ കാലതാമസത്തിൽ സർക്കാർ  ഇടപെട്ടു