ഭൂമി തരം മാറ്റൽ കാലതാമസത്തിൽ സർക്കാർ  ഇടപെട്ടു

സ്വന്തം ലേഖകൻ

അജാനൂർ: സംസ്ഥാനത്തെ 27 ആർഡി ഓഫീസുകളിലായി ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന രണ്ട് ലക്ഷത്തോളം അപേക്ഷകളിൽ അടിയന്തിരമായി തീർപ്പ് കൽപ്പിക്കുന്നതിന് സർക്കാർ നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി 372 തസ്തികകളും 220 വാഹനങ്ങളും അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ജൂനിയർ സൂപ്രണ്ട് 68,  സർവ്വേയർ 123 എന്നിങ്ങനെയാണ് പുതുതായി അനുവദിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം.

താൽക്കാലികമായി നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ പ്രവൃത്തിപഥത്തിലേക്കിറങ്ങുന്നതോടെ സംസ്ഥാനത്തെ ആർഡി ഓഫീസുകളിലെ ചുവപ്പ് നാടകൾക്കിടയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് എളുപ്പത്തിൽ മോചനമാവും. ഭൂമി തരംമാറ്റുന്നതിന് നൽകിയ അപേക്ഷകളിൽ യാതൊരു പുരോഗതിയുമുണ്ടാവാത്തത് കാരണം ഒട്ടേറെ ഭൂവുടമകളാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്.

ഭൂമി തരംമാറ്റുന്നതിന് നൽകുന്ന അപേക്ഷകളിൽ കൃഷി, വില്ലേജ് എന്നീ ഓഫീസുകളിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ക്രമങ്ങൾക്ക് ശേഷം ആർഡി ഓഫീസിൽ നിന്നാണ് തരംമാറ്റി കൊണ്ടുള്ള അന്തിമ ഉത്തരവ് ഭൂവുടമകൾക്ക് നൽകേണ്ടത്. ആർഡി ഓഫീസിലെ അനാസ്ഥയും ജീവനക്കാരുടെ അപര്യാപ്തതയും മൂലം പതിനായിരക്കണക്കിന് അപേക്ഷകളാണ് ഓരോ ആർഡി ഓഫീസുകളിലും കെട്ടിക്കിടക്കുന്നത്.

സർക്കാർ പുതുതായി അനുവദിച്ച ജീവനക്കാരുടെ സേവനം ലഭ്യമാവുന്നതോടെ തരംമാറ്റാൻ നൽകിയവരുടെ അപേക്ഷകൾക്ക് ഉടൻ തീർപ്പ് കൽപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഭൂവുടമകൾ. 1 സെന്റ് ഭൂമിക്ക് തറവിലയുടെ 10 ശതമാനം ഫീസ് ഈടാക്കിയതിന് ശേഷമാണ് തരംമാറ്റി കൊടുക്കുന്നത്.

LatestDaily

Read Previous

വിലാസിനി ടീച്ചർ എത്തി ശിഷ്യഗണങ്ങൾ വന്ദിച്ചു

Read Next

ബന്ധുക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു