കാലവർഷം ചതിച്ചു; കർഷകർക്ക് കണ്ണീർക്കൊയ്ത്ത്

സ്വന്തം ലേഖകൻ

അജാനൂർ : കടുത്ത ചൂടും വയലിലെ വെള്ളവും വറ്റിയതോടെ മഴവെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന നെൽകർഷകർ ദുരിതത്തിലായി. മഴ ചതിച്ചതോടെ അജാനൂർ ഗ്രാമപഞ്ചായത്തിലെ ചിത്താരി പാട ശേഖര സമിതിയുടെ കീഴിലുള്ള 15 ഏക്കർ വയലിലെ നെൽകൃഷിയാണ് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. വയലിൽ വെള്ളമില്ലാത്തതിനാൽ കതിരുകൾ മൂപ്പെത്തിക്കാനാവാതെ വിഷമ വൃത്തത്തിലായിരിക്കുകയാണ് കർഷകർ.

മഴയെ മാത്രം ആശ്രയിച്ചാണ് കൊളവയൽ, മാണിക്കോത്ത്, ചിത്താരി എന്നീ സ്ഥലങ്ങളിലെ പാടങ്ങളിൽ ഇവിടുത്തെ കർഷകർ വിളയിറക്കിയിരുന്നത്. അത്യുൽപ്പാദന ശേഷിയുള്ളതും മാർക്കറ്റിൽ ഉയർന്ന വിപണിമൂല്യം ലഭിക്കുന്നതുമായ ബസ്മതി അരിയുടെ കതിരുകൾ കരിഞ്ഞുണങ്ങുന്നത് തടയാൻ പൈപ്പ് വഴി ജല സേചനം നടത്തുന്നുണ്ടെങ്കിലും വിളവെടുക്കാനാവുമോയെന്ന ആശങ്കയിലാണ് കർഷകരുള്ളത്.

കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം മഴ കുറവ് ലഭിച്ച ജില്ലയിൽ കർക്കിടകം അവസാനിച്ചതോടെ മുമ്പെങ്ങുമില്ലാത്തവിധം വരൾച്ചയാണ് അനുഭവപ്പെടുന്നത്. ഭീമമായ സംഖ്യമുടക്കി കൃഷിയിറക്കി വിളവ് നശിച്ച കർഷകർക്ക് പഞ്ചായത്തും കൃഷി വകുപ്പും അർഹിക്കുന്ന  ആനുകൂല്യം നൽകണമെന്ന് സിപിഎം നേതാവും അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ഗംഗൻ കൊളവയൽ ആവശ്യപ്പെട്ടു.

LatestDaily

Read Previous

ഭർത്താവ് അബോധാവസ്ഥയിൽ ഭാര്യ ആസിഡ് കഴിച്ചു

Read Next

വനിതാ സഹകരണസംഘം തെരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥികൾക്ക് സസ്പെൻഷൻ