പ്ലാസ്റ്റിക്കിന്റെ പേരിൽ ഉദ്യോഗസ്ഥനും വ്യാപാരിയും തമ്മിൽ പോര്

സ്വന്തം ലേഖകൻ

അജാനൂർ: അജാനൂർ ഗ്രാമ പഞ്ചായത്തിലെ അതിഞ്ഞാൽ ഭാഗത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് കവറുകൾ പിടിച്ചെടുക്കാൻ വന്ന ഉദ്യോഗസ്ഥനോട് വ്യാപാരിയുടെ രോഷ പ്രകടനം. അതിഞ്ഞാലിലെ പ്രാദേശിക ലീഗ് നേതാവിന്റെ പലചരക്ക് കടയിൽ നിന്നും പ്ലാസ്റ്റിക്ക് കവറുകൾ പിടിച്ചെടുത്ത് പിഴ ചുമത്താൻ തുനിഞ്ഞ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥനോടാണ് വ്യാപാരിയുടെ പ്രതിേഷധം.

പ്ലാസ്റ്റിക്ക് കവറുകൾ സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമല്ലേയെന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് മിൽമ പാൽ വരുന്ന കവർ പ്ലാസ്റ്റിക്കല്ലേയെന്നും അത് എന്തുകൊണ്ട് നിരോധിത പ്ലാസ്റ്റിക്ക് പട്ടികയിലുൾപ്പെടുത്തുന്നില്ലെന്നും വ്യാപാരി തിരിച്ചു ചോദിച്ചു. മിൽമ പ്ലാസ്റ്റിക്കിന്റെ സംസ്ക്കരണ ചിലവ് സർക്കാരിലേക്ക് മുൻകൂട്ടി അടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

എന്നാൽ പ്ലാസ്റ്റിക്ക് ക്യാരിബാഗുകളുടെ ഉൽപ്പാദകരോടും സംസ്ക്കരണ ചിലവ് എന്തുകൊണ്ട് ഈടാക്കുന്നില്ലെന്ന മറുചോദ്യം വ്യാപാരി ആവർത്തിച്ചതോടെ ഉദ്യോഗസ്ഥൻ തിരിച്ചുപോയി. പ്ലാസ്റ്റിക്കിന്റെ വിൽപ്പനയുടെ പേരിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ച് ആരോഗ്യവകുപ്പ് വൻതുക പിഴ ഈടാക്കുന്നതിനെതിരെ വ്യാപാരികളിൽ വൻ പ്രതിഷേധമാണുള്ളത്.

സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സപ്ലൈകോ പോലുള്ള സർക്കാർ സ്ഥാപനങ്ങളിലും സർവ്വവിധ സാധനങ്ങളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞും, കവറുകളിലാക്കിയുമായാണ് വിൽപ്പനയ്ക്ക് വെച്ചിട്ടുള്ളത്. ഇവിടെയൊന്നും പിഴ ചുമത്തുകയോ പരിശോധിക്കുകയോ ഒന്നും ചെയ്യാതെ ഇതര വ്യാപാരികളിൽ നിന്ന് ഒന്നോ രണ്ടോ പ്ലാസ്റ്റിക്ക് കവറുകൾ പിടിച്ചെടുത്ത് ഭീമമായ സംഖ്യയാണ് ഉദ്യോഗസ്ഥർ പിഴയായി ഈടാക്കുന്നത്. നിസ്സാര കാര്യങ്ങൾ ഉയർത്തിക്കാട്ടി പ്ലാസ്റ്റിക്ക് കവറുകൾ പിടികൂടി അന്യായമായി പിഴ ഈടാക്കാനെത്തുന്ന ഉദ്യോഗസ്ഥരെ നേരിടാൻ തന്നെയാണ് വ്യാപാരികളുടെ തീരുമാനം.

Read Previous

ലൈംഗിക പീഡന വിവരം ആശുപത്രി പ്രസിഡണ്ടിന് ലഭിച്ചത് വാട്ട്സാപ്പിൽ

Read Next

ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ