കാരുണ്യ പ്രവാഹം നിലച്ചു; രഞ്ജിത് ചക്രപാണിക്ക് പ്രണാമം

ഭിന്നശേഷിക്കാരായ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠനവും പരീശീലനവും നൽകിവരുന്ന റോട്ടറി സ്പെഷ്യൽ സ്കൂളിനോടനുബന്ധിച്ച് എൽഎൽസി ജില്ലാതല ഓഫീസിന്റെ കൺവീനറായി സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ച് വരികയായിരുന്ന ഇന്നലെ അന്തരിച്ച രഞ്ജിത്ത് ചക്രപാണി. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ട്രസ്റ്റിന്റെ ജില്ലയിലെ നോഡൽ ഏജൻസിയെന്ന നിലയിലാണ് റോട്ടറി സ്പെഷ്യൽ സ്കൂളിൽ ട്രസ്റ്റിന്റെ ജില്ലാതല ഓഫീസായ എൽഎൽസി പ്രവർത്തിച്ചിരുന്നത്.

ജില്ലാകലക്ടർ ചെയർമാനായ എൽഎൽസിയാണ് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്വത്തവകാശമുൾപ്പെടെയുള്ള അവകാശ സംരക്ഷണത്തിനുള്ള ലീഗൽ ഗാർഡിയനെ നിശ്ചയിക്കുന്നത്.  ഇതിന്റെ കൺവീനറെന്ന നിലയിൽ നിരവധി കുട്ടികളുടെ ലീഗൽ ഗാർഡിയനെ നിശ്ചയിച്ചത് രഞ്ജിത്ത് ചക്രപാണി കൺവീനറായ സമിതിയാണ്. വളരെ സൂക്ഷ്മതയോടെയും കൃത്യമായും കൈകാര്യം ചെയ്യണ്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ ചക്രപാണി അങ്ങേയറ്റം സൂക്ഷ്മത പുലർത്തുകയുണ്ടായി.

ഇക്കഴിഞ്ഞ ലോക ഭിന്നശേഷി ദിനത്തിന്റെ ജില്ലാതല പരിപാടികൾ കാഞ്ഞങ്ങാട്ട് നടന്നപ്പോഴും ജില്ലാതലത്തിൽ നടന്ന ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഘോഷയാത്രയുൾപ്പെടെയുള്ള  കാര്യങ്ങളിലും രഞ്ജിത്ത് ചക്രപാണി നേതൃപരമായ പങ്ക് വഹിച്ചു. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ കാരുണ്യത്തിന്റെ വറ്റാത്ത ഉറവിടമായിരുന്നു രഞ്ജിത്ത് ചക്രപാണി. കർമ്മ നിരതനായി പ്രവർത്തിച്ച് വരുന്നതിനിടിയിലാണ് പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സങ്കീർണ്ണമായ ശസ്ത്രക്രിയകളൊന്നും രഞ്ജിത്തിനെ തളർത്തിയിരുന്നില്ല. ആശുപത്രി വിട്ട് വിശ്രമിക്കുന്നതിനിടയിൽ റോട്ടറി സ്പെഷ്യൽ സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷ പരിപാടിയിൽ രഞ്ജിത്ത് സംബന്ധിച്ചിരുന്നു. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ച് പിരിഞ്ഞ രഞ്ജിത്ത് ചക്രപാണിയുടെ വിടവാങ്ങൽ അന്ത്യയാത്രക്കുള്ള ഒരുക്കമാണെന്ന് ആരും കരുതിയില്ല. ഇന്നലെ മരണ വിവരമറിഞ്ഞയുടൻ റോട്ടറി ഭാരവാഹികളും, സ്പെഷ്യൽ സ്കൂൾ പ്രവർത്തകരുമുൾപ്പെടെ വൻ ജനാവലിയാണ് നോർത്ത് കോട്ടച്ചേരിയിലെ പത്മ ആശുപത്രിയിലെത്തിയത്.

– ടി. മുഹമ്മദ് അസ്്ലം

LatestDaily

Read Previous

തലച്ചോറിൽ രോഗം ബാധിച്ച 8 വയസ്സുകാരൻ മരിച്ചു

Read Next

നരഹത്യാശ്രമം