ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കോട്ടച്ചേരി സഹകരണ ബാങ്ക് മഡിയൻ ശാഖയിൽ നടന്ന പണയത്തട്ടിപ്പിന്റെ ഉത്തരവാദിത്തം തനിക്കുമാത്രമാണെന്ന ശാഖാ മാനേജർ ടി. നീനയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് തട്ടിയെടുത്ത പണം എന്തുചെയ്തുവെന്ന അന്വേഷണവുമായി പോലീസ്. കോട്ടച്ചേരി സഹകരണ ബാങ്ക് മഡിയൻ ശാഖയിൽ പണയം വെച്ച പണയ ഉരുപ്പടികൾ വ്യാജരേഖകളുണ്ടാക്കി മറ്റുള്ളവരുടെ പേരിൽ പണയപ്പെടുത്തി 58,41,000 രൂപ തട്ടിയെടുത്ത കേസ്സിൽ റിമാന്റിൽക്കഴിയുന്ന ടി. നീന തട്ടിയെടുത്ത പണം സ്വകാര്യാവശ്യങ്ങൾക്കായി വിനിയോഗിച്ചുവെന്നാണ് പോലീസിന് മൊഴി നൽകിയത്.
ബാങ്കിനെ വഞ്ചിച്ച ടി. നീനയ്ക്കെതിരെ സിക്രട്ടറി വി.വി. ലേഖ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസ്സ് റജിസ്റ്റർ ചെയ്തപ്പോൾ ഒളിവിലായിരുന്ന ടി. നീന മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും, ലഭിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പോലീസിൽ കീഴടങ്ങി റിമാന്റിലായ പ്രതിയെ അന്വേഷണോദ്യോഗസ്ഥൻ ഹൊസ്ദുർഗ് എസ്ഐ, വേലായുധന്റെ കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടുപ്രതികളെ രക്ഷപ്പെടുത്തുന്ന വിധത്തിൽ ടി. നീന മൊഴി നൽകിയത്. ബാങ്ക് മെമ്പർമാരായ ഷാജൻ സാലു, ശാരദ, രാജേഷ്, അബ്ദുൾ റഹ്മാൻ, മുഹമ്മദ്, നസീമ എന്നിവരാണ് കേസ്സിൽ കൂട്ടുപ്രതികൾ. ലോക്കറിലിരുന്ന പണയ സ്വർണ്ണം കവറുകളിൽ നിന്നും പുറത്തെടുത്ത് മഡിയൻ ശാഖയിലെ അംഗങ്ങളായ കൂട്ടുപ്രതികളെ ഏൽപ്പിച്ച് വീണ്ടും പണയപ്പെടുത്തിയാണ് നീന ബാങ്കിൽ നിന്നും അരക്കോടിയിലധികം രൂപ തട്ടിയെടുത്തത്.
ബാങ്ക് നിയമനടപടി ആരംഭിച്ചതോടെ പണയത്തട്ടിപ്പിലൂടെ നേടിയെടുത്ത പണത്തിന്റെ മുക്കാൽ ഭാഗവും നീന ബാങ്കിൽ തിരിച്ചടച്ചിരുന്നു. തങ്ങൾക്ക് പണയം വെക്കാൻ ലഭിച്ച സ്വർണ്ണം പണയ സ്വർണ്ണമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് പണയത്തട്ടിപ്പ് കേസ്സിലെ മറ്റ് പ്രതികളുടെ മൊഴി. ഇവരുടെ മൊഴികൾ വിശ്വാസ യോഗ്യമാണെന്ന് കണ്ടെത്തിയാൽ ടി. നീന കൂട്ടുപ്രതികളെ കരുതിക്കൂട്ടി വഞ്ചിക്കുകയായിരുന്നുവെന്ന് തെളിയും. കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയ ടി. നീനയെ കസ്റ്റഡി കാലാവധിക്ക് ശേഷം കോടതിയിൽ ഹാജരാക്കിയതോടെ ഇവരെ വീണ്ടും റിമാന്റ് ചെയ്തിരിക്കുകയാണ്.