നീലേശ്വരം ആകാശപ്പാത വിഷയം തുറന്ന രാഷ്ട്രീയ യുദ്ധത്തിലേക്ക്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരം ഹൈവേ ജംഗ്ഷനിൽ മണ്ണിട്ടുയർത്തുന്ന പാലം നിർമ്മിക്കുന്നതിനെതിരെയുള്ള സമരത്തിൽ എൽഡിഎഫും , യുഡിഎഫും ഇരുവഴിയിൽ. ദേശീയ പാതയിൽ ആകാശപ്പാത നിർമ്മിക്കണമെന്ന ആവശ്യമുയർത്തി എൽഡിഎഫ് ഇന്നലെയും, യുഡിഎഫ് ഇന്നും വെവ്വേറെ സമരങ്ങൾ തുടങ്ങിയതോടെയാണ് നീലേശ്വരത്തെ ആകാശപ്പാത നിർമ്മാണ വിഷയം രാഷ്ട്രീയ ചേരികൾ തമ്മിലുള്ള മത്സര വിഷയമായത്.

ദേശീയ പാതാ ജംഗ്ഷനിൽ ആകാശപ്പാത നിർമ്മിക്കണമെന്ന ആവശ്യമുയർത്തി എൽഡിഎഫ് ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. എൽഡിഎഫ് സമരത്തിന് ബദലായാണ് യുഡിഎഫ് ജനകീയ മുന്നണി ഇന്ന് നീലേശ്വരം ഹൈവേ ജംഗ്ഷനിൽ മനുഷ്യശൃംഖല പ്രതിഷേധ ജ്വാല സമരം സംഘടിപ്പിക്കുന്നത്. നീലേശ്വരത്ത് ആകാശപ്പാത വേണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ സംയുക്ത സമരം നടന്നിരുന്നു.

ഇടതു മുന്നണി ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രനാണ് അന്നത്തെ സമരം ഉദ്ഘാടനം ചെയ്തത്. ഓഗസ്റ്റ് 9 മുതൽ ജനകീയ മുന്നണിയുടെ ലേബലിൽ യുഡിഎഫ് പഞ്ചദിന സത്യാഗ്രഹം  നടത്തിയതോടെയാണ് എൽഡിഎഫും, യുഡിഎഫും സമരത്തിൽ രണ്ട് വഴിക്കായത്. പൊതുവായുള്ള ഒരാവശ്യത്തിനായി ഇടതു വലതു മുന്നണികൾ വെവ്വേറെ സമരം നടത്തുന്നതിൽ നഗര നിവാസികൾക്കിടയിൽ പ്രതിഷേധ സ്വരമുയർന്നിട്ടുണ്ട്.

ദേശീയ പാതാ നിർമ്മാണം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയാണ്. ദേശീയ പാതാ നിർമ്മാണത്തിന്റെ നിർദ്ദിഷ്ട പ്ലാനിൽ നീലേശ്വരം ഹൈവേ ജംഗ്ഷനിൽ മണ്ണിട്ടുയർത്തിയ എം ബാങ്ക്ഡ് പാലം നിർമ്മിക്കാനാണ് തീരുമാനം. ഇത് നീലേശ്വരം ടൗണിനെ രണ്ടായി വെട്ടിമുറിക്കുമെന്നതാണ് നാട്ടുകാരുടെ ആശങ്ക. നീലേശ്വരം ആകാശപ്പാത വിഷയത്തിൽ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയുടെ നീലേശ്വരത്തെ നേതാക്കൾ ഇനിയും പ്രതികരിച്ചിട്ടുമില്ല.

LatestDaily

Read Previous

ഇഖ്ബാൽ ഹൈസ്കൂളിൽ ഓണാഘോഷ വിവാദം

Read Next

റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയെന്ന് മടിക്കൈ പഞ്ചായത്ത് സിക്രട്ടറി