ഇന്ധന കൈമാറ്റം; കേരളത്തിൽ പെട്രോൾ ക്ഷാമം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: എണ്ണക്കമ്പനികളുടെ ഇന്ധനക്കൈമാറ്റം പ്രതിസന്ധിയിലായതോടെ കേരളത്തിൽ പെട്രോൾ ക്ഷാമം. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിലാണ് പെട്രോളിന് ക്ഷാമം നേരിടുന്നത്. ബിപിസിഎല്ലിന്റെ ഇരുമ്പനം ടെർമിനലിൽ നിന്നുള്ള വിതരണ കേന്ദ്രത്തിൽ നിന്ന് ആവശ്യത്തിനുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാവാത്തതാണ് പ്രശ്നം. ഇരുമ്പനത്തിന് പുറമെ കോഴിക്കോട് ഏലത്തൂരിലുള്ള വിതരണ കേന്ദ്രത്തിലും പെട്രോളിന് ക്ഷാമം നേരിടുന്നുണ്ട്.

ബിപിസിഎൽ കേരളത്തിൽ നൽകുന്ന ഇന്ധനത്തിന് പകരമായി എച്ച് എച്ച് പിസിഎൽ അതേ അളവിൽ മറ്റു സംസ്ഥാനങ്ങളിൽ തിരിച്ച് നൽകണമെന്നാണ് പെട്രോളിയം കമ്പനികൾ തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണ. ഇപ്രകാരം രണ്ട് വർഷമായി ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്ന് ഭാരത് പെട്രോളിയം കോർപറേഷൻ പകരമായി നൽകേണ്ട വിഹിതം രണ്ട് വർഷമായി നൽകുന്നില്ല. ഇത് കൊണ്ടാണ് കേരളത്തിൽ ക്ഷാമം നേരിടുന്നത്.

റിയലൻസ്, നയാര കമ്പനികളിൽ നിന്ന് എച്ച്.പിസിഎൽ ഉൽപ്പന്നങ്ങൾ വാങ്ങി നൽകിയിരുന്നത് നിർത്തലാക്കിയതോടെയാണ് ബിപിസിഎല്ലിന് പകരം ഇന്ധനം നൽകുന്നത് കൂടുൽ കുടിശ്ശിക വന്നത്. മംഗളൂരു ടെർമിനലിൽ കൂടുതൽ ടാങ്കറുകളെത്തിച്ച് വിതരണം നടത്താമെന്ന് എച്ച് പിസി എൽ അധികൃതർ പമ്പുടമകളുടെ സംഘടനയ്ക്ക് ഉറപ്പ് നൽകിയിരുന്നുവെങ്കിലും, നടപ്പിലായില്ല.

ടാങ്കർ ലോറികളുടെ വാഹനച്ചിലവിലുണ്ടാകുന്ന വർധനവ് കണക്കിലെടുക്കുമ്പോൾ വലിയ നഷ്ടം വരുമെന്നുള്ള വിലയിരുത്തലാണ് സ്ഥിതി വഷളാക്കിയത്. പല പമ്പുകളിലും പെട്രോൾ ഇല്ലെന്ന ബോർഡ് തൂക്കിയിട്ടിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയിലും വിതരണത്തിലുമുള്ള തടസ്സങ്ങൾ നീക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആവശ്യപ്പെട്ടു.

LatestDaily

Read Previous

ഫോട്ടോഗ്രാഫർ രമേശൻ നിര്യാതനായി

Read Next

കോടതിയലക്ഷ്യ നടപടി സൂചിപ്പിച്ച് ഫൗസിയ അയച്ച വക്കീൽ നോട്ടീസും പഞ്ചായത്ത് സിക്രട്ടറി പൂഴ്ത്തി