കുമ്പള വിദ്യാർത്ഥിയുടെ മരണം രക്ഷിതാക്കളുടെ അനാസ്ഥ മൂലം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാനമോടിക്കാൻ കൊടുക്കുന്ന രക്ഷിതാക്കളുടെ നിയമലംഘനത്തിൽ ജില്ലയിൽ ഒരു രക്തസാക്ഷി. ലൈസൻസില്ലാതെ വാഹനമോടിക്കുകയായിരുന്ന പതിനേഴുകാരനെ പോലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ മറിഞ്ഞാണ് പ്ലസ്ടു വിദ്യാർത്ഥി മരിച്ചത.് കാറിനെ പിന്തുടർന്ന പോലീസിനെതിരെ ജില്ലയിൽ വിവിധ സംഘടനകൾ പ്രതിഷേധ സ്വരമുയർത്തിയിട്ടുണ്ടെങ്കിലും, നിയമം ലംഘിച്ചുള്ള ഡ്രൈവിങ്ങിന്റെ കാര്യത്തിൽ സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല.

വിദ്യാർത്ഥിയുടെ അപകട മരണത്തിന് കാരണക്കാർ കാറിനെ പിന്തുടർന്ന കുമ്പള പോലീസാണെന്നാണ് നാട്ടുകാരുടെ ആരോപണം. കുമ്പള പേരാൽ കണ്ണൂരിലെ പരേതനായ അബ്ദുള്ളയുടെ മകനും അംഗഡിമൊഗർ ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു  വിദ്യാർത്ഥിയുമായ ഫർഹാസാണ് 17, കാറോടിക്കുന്നതിനിടെ പോലീസിനെക്കണ്ട് ഭയപ്പെട്ട് നിയന്ത്രണം തെറ്റിയ വാഹനം മറിഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുക്കുന്ന രക്ഷിതാക്കൾക്കെതിരെ ജില്ലയിൽ ദിനംപ്രതി കേസുകൾ പെരുകുന്നതിനിടെയാണ് കുമ്പളയിലെ അപകടം.

കുട്ടി ഡ്രൈവിങ്ങിനെതിരെ പോലീസ് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, രക്ഷിതാക്കൾ നിർദ്ദേശങ്ങളെല്ലാം  അവഗണിക്കുകയാണ് പതിവ്. നിയമ ലംഘനത്തിന് പ്രോത്സാഹനമേകി ലൈസൻസ് ലഭിക്കാത്ത പ്രായത്തിൽ മക്കൾക്ക് കാറുകളും ഇരുചക്രവാഹനങ്ങളും  ഓടിക്കാൻ  കൊടുക്കുന്ന രക്ഷിതാക്കളുടെ പ്രവണതയുടെ രക്തസാക്ഷിയാണ് മരണപ്പെട്ട അംഗഡിമൊഗർ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി. അതേസമയം, പ്ലസ്ടു വിദ്യാർത്ഥിയുടെ കാറിനെ പിന്തുടർന്ന് അപകടമരണത്തിനിരയാക്കിയ കുമ്പള പോലീസ് അനാവശ്യമായ ആവേശം കാണിക്കുകയായിരുന്നുവെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആരോപിച്ചു.

LatestDaily

Read Previous

യുവാവ് കാർ ഇടിച്ച് മരിച്ചു

Read Next

സംയുക്ത ജമാഅത്ത് തിരഞ്ഞെടുപ്പ്