ഹൈക്കോടതിക്ക് സലാം സലാം: ഫൗസിയ

സ്റ്റാഫ് ലേഖകൻ

അജാനൂർ: തന്റെ വീടിന് മുന്നിൽ ഒരു പ്രമാണി കയ്യൂക്കിന്റെ ബലത്തിൽ സർക്കാർ ഭൂമിയിൽ പണിത കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവിട്ട കേരള ഹൈക്കോടതിക്ക് അജാനൂർ ഗ്രാമപഞ്ചായത്ത് മാണിക്കോത്ത് കോയാപ്പള്ളിക്ക്  മുൻവശം ഫൈറൂസ മൻസിലിൽ താമസിക്കുന്ന പാലക്കി ഫൗസിയ സലാം പറഞ്ഞു.

നീണ്ട രണ്ടുവർഷക്കാലം താനും തന്റെ ഭർത്താവിനും കുടുംബത്തിനും  ഗ്രാമ പഞ്ചായത്തിൽ നിന്നും നേരിടേണ്ടി വന്ന അനുഭവം ഭൂമിയിൽ ഇനിയൊരാൾക്കും ഉണ്ടാകാതിരിക്കട്ടെയെന്ന് ഫൗസിയ തലയിലിട്ട തട്ടത്തിന്റെ തുമ്പ്കൊണ്ട് കണ്ണീർ തുടച്ച ശേഷം ലേറ്റസ്റ്റിനോട് പറഞ്ഞു. രണ്ടുകൊല്ലക്കാലം സ്വന്തം വീട്ടിൽ താമസിച്ചത് നീറുന്ന മനസുമായാണ്. ഒരു ഓട്ടോയ്ക്ക് പോലും കടന്നുവരാൻ കഴിയാത്ത വിധത്തിലാണ് വീടിന് തൊട്ട് മുന്നിൽ എതിർകക്ഷി തിരുവക്കോളി റഹ്മത്തുല്ല തീർത്തും അനധികൃതമായി കെട്ടിടം പണിതുയർത്തിയത്.

തങ്ങൾക്കും നിരവധി മറ്റ് കുടുംബങ്ങൾക്കും നടന്നു പോകാനുള്ള വഴിയാണെന്ന് യാചിച്ചിട്ടും, അതൊന്നും ചെവിക്കൊള്ളാതെ വീട്ടിലേക്ക്  ഒരടി മാത്രം നടന്നു കയറുന്ന വഴി വിട്ടാണ് റഹ്മത്തുല്ല അനധികൃത കെട്ടിടം പണിതത്. ”ഹൈക്കോടതി ഞങ്ങളുടെ കുടുംബത്തിന്റെ കണ്ണീര് കണ്ടു. പടച്ചവന് സ്തുതി”. ഫൗസിയ ലേറ്റസ്റ്റിനോട് പറഞ്ഞു.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് തിരഞ്ഞെടുപ്പ്

Read Next

അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും കൈ മലർത്തുന്നു