ഹൈക്കോടതിക്ക് മുകളിൽ എന്തു ട്രിബ്യൂണൽ-?

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : അതിഞ്ഞാൽ കോയാപ്പള്ളിയിൽ കോട്ടിക്കുളം തിരുവക്കോളി സമ്പന്നൻ റഹ്മത്തുള്ള പൊതുമരാമത്ത് റോഡ് പുറമ്പോക്കിൽ രണ്ടുവർഷക്കാലം മുമ്പ് പണിതുയർത്തിയ അനധികൃത കെട്ടിടം ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ പൊളിച്ചുമാറ്റാതെ നീണ്ട 5 മാസക്കാലം വെച്ചു താമസിപ്പിച്ചത് എന്തിനാണെന്ന് അജാനൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സിപിഎമ്മിലെ ടി. ശോഭയോടും ഉപാദ്ധ്യക്ഷൻ കെ. സബീഷിനോടും ലേറ്റസ്റ്റ് വിളിച്ച് അന്വേഷിച്ചു.

ടി. ശോഭ ആദ്യം ചോദ്യത്തിനുള്ള  മറുപടിയിൽ അൽപ്പം പരുങ്ങിക്കളിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കയ്യേറ്റക്കാരൻ തിരുവനന്തപുരത്ത് ട്രിബ്യൂണലിൽ അപ്പീൽ നൽകിയിട്ടുണ്ടെന്ന് ശോഭ പറഞ്ഞു. കൂടുതൽ വിവരങ്ങൾ സ്ഥലം മാറിപ്പോയ സിക്രട്ടറി കൊല്ലം സ്വദേശിനി ശ്രീകുമാരിയോട് ചോദിച്ച് പറയാമെന്ന് പറഞ്ഞ ഗ്രാമപഞ്ചായത്ത് അധ്യക്ഷ പിന്നീട് വീണ്ടും വിളിച്ചു.

ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിട്ട് മാസം അഞ്ച് കഴിഞ്ഞുവെന്ന് അധ്യക്ഷയോട് അങ്ങോട്ട് പറഞ്ഞപ്പോഴും ട്രിബ്യൂണലിൽ പരാതി കിടക്കുമ്പോൾ പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയില്ലല്ലോയെന്ന് കൂടി ശോഭ പറഞ്ഞു.

ചോദ്യം : ട്രിബ്യൂണലിൽ പരാതിയുണ്ടെന്നതിന് തെളിവുകൾ വല്ലതും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ടോ മാഡം.-?.

മാഡം : അതു ഞാൻ സിക്രട്ടറിയോട് ചോദിച്ച് പിന്നെ പറയാമെന്ന് കൂടി പറഞ്ഞു.

ഓണക്കാലത്ത് ഇന്നലെ ടൂറിലായിരുന്ന പഞ്ചായത്ത് സിക്രട്ടറി ശ്രീകുമാരിയെ വിളിച്ച് കിട്ടിയെന്നും, റേഞ്ചിന് പുറത്തായതിനാൽ അവർ പറയുന്നതൊന്നും വ്യക്തമാകുന്നില്ലെന്നും അധ്യക്ഷ തിരിച്ചുവിളിച്ചു പറഞ്ഞു.

പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ കെ. സബീഷിനെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ ലേറ്റസ്റ്റിൽ നിന്ന് വിളിച്ചുവെങ്കിലും, ഹൈക്കോടതി ഉത്തരവിന് മുകളിൽ അനധികൃത നിർമ്മാണക്കാരൻ തിരുവക്കോളി റഹ്മത്തുള്ള ട്രിബ്യൂണലിൽ പോയിട്ടുണ്ടെന്നാണ് സ്ഥലം മാറിപ്പോയ പഞ്ചായത്ത് സിക്രട്ടറി ശ്രീകുമാരി പറഞ്ഞതെന്നാണ് എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും രാഷ്ട്രീയത്തിലെത്തിയ കെ. സബീഷും പറഞ്ഞത്.

കൂടുതൽ സംസാരിച്ചപ്പോൾ, ഉദ്യോഗസ്ഥർ പലരും ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് സ്ഥലം മാറിപ്പോയ കാര്യം സബീഷ് പറഞ്ഞു. കോയാപ്പള്ളി അനധികൃത നിർമ്മാണം പൊളിച്ചു മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ലഭിച്ചാൽ സ്വാഭാവികമായും ആ ഉത്തരവ് തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി മുമ്പാകെ സമർപ്പിച്ച് ചർച്ച ചെയ്ത് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി ഹൈക്കോടതിയെ അറിയിക്കലാണ് ഗ്രാമപഞ്ചായത്തിന്റെ പരമപ്രധാനമായ ധർമ്മം.

ചോദ്യം : തിരുവക്കോളി റഹ്മത്തുല്ലയുടെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഭരണ സമിതി ചർച്ച ചെയ്തിട്ടുണ്ടോയെന്നാരാഞ്ഞപ്പോൾ, അതേക്കുറിച്ച് ഓർമ്മയില്ലെന്നാണ് പഞ്ചായത്ത് അധ്യക്ഷ പറഞ്ഞത്.

അധ്യക്ഷനും ഇൗ ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് വലിയ പരിജ്ഞാനമില്ലെന്ന് കെ. സബീഷുമായി സംസാരിച്ചപ്പോൾ ബോധ്യപ്പെട്ടു. 2023 മെയ് 16-ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച റിട്ട് പെറ്റീഷൻ 19177/2022 ഉത്തരവ് തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിൽ നിന്ന് അന്നത്തെ സിക്രട്ടറി ടി.വി. ശ്രീകുമാരി പൂർണ്ണമായും മറച്ചുവെക്കുകയായിരുന്നുവെന്ന് ലേറ്റസ്റ്റ് നടത്തിയ അന്വേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

കോടതി ഉത്തരവിന് ശേഷമാകട്ടെ കയ്യേറ്റക്കാരൻ റഹ്മത്തുല്ല ഇടയ്ക്കിടെ പഞ്ചായത്ത് സിക്രട്ടറിയുടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടവരുണ്ട്. ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത് 2023 മാർച്ച് 16-നാണ്. മാർച്ച് 20-ന് തന്നെ ഇൗ ഉത്തരവ് എതൃകക്ഷികളായ പഞ്ചായത്ത് സിക്രട്ടറി ,ജില്ലാ കലക്ടർ അടക്കമുള്ള 8 പേർക്കും കയ്യേറ്റക്കാരൻ തിരുവക്കോളി ഏ.കെ. റഹ്മത്തുള്ളയ്ക്കും കൈയ്യിൽ കിട്ടിയിരുന്നു. അവിടുന്നിങ്ങോട്ട് 2023 ആഗസ്റ്റ് 26-ന് ഓണാവധിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചിടുന്നതു വരെ മർമ്മപ്രധാനമായ ഇൗ ഹൈക്കോടതി ഉത്തരവിന് ഗ്രാമപഞ്ചായത്ത് ഭരണാധികാരികളും പുല്ലുവില കൽപ്പിക്കുകയായിരുന്നു. 

LatestDaily

Read Previous

ഹൈക്കോടതി പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടം നാട്ടുകാർ പൊളിച്ച സംഭവം അജാനൂർ പഞ്ചായത്തിന്റെ അതിരുകവിഞ്ഞ അനാസ്ഥ

Read Next

യുവാവ് കാർ ഇടിച്ച് മരിച്ചു