ഹൈക്കോടതി പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടം നാട്ടുകാർ പൊളിച്ച സംഭവം അജാനൂർ പഞ്ചായത്തിന്റെ അതിരുകവിഞ്ഞ അനാസ്ഥ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : തീർത്തും അനധികൃതമായി പൊതുമരാമത്ത് സ്ഥലം കൈയ്യേറി നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റാൻ  ഹൈക്കോടതി നിർദ്ദേശിച്ചിട്ടും, മുടന്തൻ ന്യായങ്ങൾ പലതും നിരത്തി 6 മാസക്കാലം കെട്ടിടമുടമയെ സഹായിച്ചുകൊണ്ടിരുന്ന അജാനൂർ ഗ്രാമപഞ്ചായത്ത് നടത്തിയ കളി അതിരു കവിഞ്ഞതും പൊറുക്കാനാവാത്തതുമായ അനാസ്ഥ.

കെഎസ്ടിപി റോഡിന് കിഴക്കുഭാഗം അതിഞ്ഞാൽ കോയാപ്പള്ളിക്ക്  തൊട്ടുമുന്നിൽ 2.5 മീറ്റർ വീതിയിലും, 7.10 മീറ്റർ നീളത്തിലും സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് കോട്ടിക്കുളം തിരുവക്കോളി സ്വദേശിയായ സമ്പന്നൻ റഹ്മത്തുള്ള കെട്ടിടം പണിതുയർത്തിയത്.

ഇൗ കെട്ടിടത്തിന് തൊട്ടുപിറകിലാണ് മുൻ പ്രവാസി ഹസൈനാറും ഭാര്യ ഫൗസിയയും മക്കളുമടങ്ങുന്ന കുടുംബം വീടുവെച്ച് താമസിക്കുന്നത്. ഹസൈനാർ കുറേക്കാലം അബൂദാബിയിലായിരുന്നു. മണലാരണ്യത്തിൽ ചോര നീരാക്കി സമ്പാദിച്ച് ബാക്കി വന്ന തുച്ഛമായ പണം കൊണ്ടാണ് സ്ഥലത്ത് 7 സെന്റ് ഭൂമിയിൽ താഴെ രണ്ട് ക്വാർട്ടേഴ്സ് മുറികളും മുകളിൽ സ്വന്തം കുടുംബത്തിന് താമസിക്കാനുള്ള ചെറിയ വീടും 6 വർഷം മുമ്പ് ഹസൈനാർ പണി കഴിപ്പിച്ചത്.

താഴത്തെ നിലയിലുള്ള ക്വാർട്ടേഴ്സുകളിലേക്കും, ഒന്നാം നിലയിൽ ഹസൈനാറും ഭാര്യ ഫൗസിയയും വിവാഹം കഴിഞ്ഞ പെൺമക്കളും താമസിച്ചുവരുന്ന വീട്ടിലേക്കുള്ള വഴിയിൽ പുറമെ നിന്ന് ഒരു മേശ പോലും കടത്തിക്കൊണ്ടുപോകാൻ  കഴിയാത്ത നിലയിലാണ് റഹ്മത്തുള്ള സർക്കാർ സ്ഥലം കയ്യേറി ഗോഡൗൺ നിർമ്മിച്ച് ഹന്ന ഗ്രൂപ്പിന്റെ വാട്ടർ പ്യൂരിഫയർ സ്ഥാപനത്തിന് പ്രതിമാസം 5000 രൂപയ്ക്ക് വാടകയ്ക്ക് നൽകിയത്.

റഹ്മത്തുള്ള സ്ഥലത്ത് അനധികൃത കെട്ടിടം പണിയുമ്പോൾ തന്നെ തൊട്ടുപിറകിലുള്ള നിരവധി താമസക്കാർ അവരുടെ വീടുകളിലേക്കുള്ള വഴി തടസ്സപ്പെടുത്തരുതെന്ന് യാചിച്ച് അപേക്ഷിച്ചിട്ടും ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വഴി മാത്രം ബാക്കി വെച്ചുകൊണ്ട് റഹ്മത്തുള്ള സർക്കാർ റോഡ് പുറമ്പോക്കിൽ കെട്ടിടം പണിതുയർത്തുകയായിരുന്നു.

ഇൗ കെട്ടിടം അനധികൃതമാണെന്നും വീട്ടിലേക്ക് കടന്നുപോകാനുള്ള വഴിയാണ് അനധികൃത നിർമ്മാണം നടത്തി റഹ്മത്തുള്ള എന്നയാൾ കൊട്ടിയടച്ചതെന്നും പരാതിപ്പെട്ട് അനധികൃത കെട്ടിടത്തിന്റെ തൊട്ടുപിന്നിൽ താമസിക്കുന്ന പ്രവാസി ഹസൈനാറിന്റെ ഭാര്യ അജാനൂർ പാലക്കി സ്വദേശിനി ഫൗസിയ അജാനൂർ ഗ്രാമപഞ്ചായത്ത് സിക്രട്ടറിക്കും, കാഞ്ഞങ്ങാട് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പരാതി നൽകിയത്.

പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയർ സ്ഥലം പരിശോധിച്ച് റോഡ് പുറമ്പോക്കിൽ ഗ്രാമപഞ്ചായത്തിന്റെ അനുമതി പോലും തേടാതെയാണ് തിരുവക്കോളി റഹ്ത്തുള്ള കെട്ടിടം പണിയുയർത്തിയതെന്ന്  ബോധ്യപ്പെടുകയും, റഹ്മത്തുള്ളയ്ക്കും ഇൗ അനധികൃത കെട്ടിടത്തിലെ വാടകക്കാരൻ വാട്ടർ പ്യൂരിഫയർ  സ്ഥാപനമുടമ കെ.എം. ആസിഫിനും (ഹന്ന) നോട്ടീസ് നൽകിയിരുന്നു. കെട്ടിടം തന്റേതല്ലെന്നും താൻ വാടകക്കാരൻ മാത്രമാണെന്നും അറിയിച്ച് കെ.എം. ആസിഫ് പ്രശ്നത്തിൽ നിന്ന് തലയൂരിയെങ്കിലും, തിരുവക്കോളി റഹ്മത്തുള്ള ഒരു മറുപടി പോലും പൊതുമരാമത്തിന് നൽകാതെ ധിക്കാരത്തിലും, കയ്യേറ്റത്തിലും ഉറച്ചുനിൽക്കുകയായിരുന്നു.

ഫൗസിയ വോട്ടു നൽകി വിജയിപ്പിച്ച യുഡിഎഫിലെ മുസ്്ലീം ലീഗ് പഞ്ചായത്ത് മെമ്പർ ഷക്കീലയെ നേരിൽക്കണ്ട് ഫൗസിയ സങ്കടമറിയിച്ചുവെങ്കിലും,  പഞ്ചായത്ത് വാർഡ് അഞ്ചിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി ഷക്കീലയും ഫൗസിയയുടെ കണ്ണീരും തേങ്ങലും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അനധികൃത നിർമ്മാണത്തെക്കുറിച്ചും വീട്ടിലേക്ക് കടന്നുപോകാൻ വഴി തടസ്സപ്പെടുത്തിയെന്നും വാർഡ് മെമ്പറോട് പറഞ്ഞപ്പോൾ, മുൻ മുസ്്ലീം ലീഗ് വാർഡ് മെമ്പർ മട്ടൻ അബ്ദുൾ കരീമിനോട് കാര്യങ്ങൾ പറയാനാണ് ഷക്കീല നിർദ്ദേശിച്ചത്.

ഒന്നര വർഷത്തോളം ആരിൽ നിന്നും അനുകൂല സമീപനമില്ലാതിരുന്ന സാഹചര്യത്തിലാണ്, ഫൗസിയ കേരള ഹൈക്കോടതിയിൽ തെളിവുകളും ഹരജിയുമായെത്തിയത്. 2023 മെയ് 16-ന് കേരള ഹൈക്കോടതി ജസ്റ്റീസ് പി. ഗോപിനാഥ് പുറപ്പെടുവിച്ച റിട്ട് പെറ്റീഷൻ 19177/2022 തീർപ്പിൽ അനധികൃത നിർമ്മാണം പൂർണ്ണമായും പൊളിച്ചുനീക്കാൻ എതിർകക്ഷികളായ അജാനൂർ ഗ്രാമപഞ്ചായത്ത് സിക്രട്ടറി, കയ്യേറ്റക്കാരൻ ഏ.കെ. റഹ്മത്തുള്ള, ജില്ലാ കലക്ടർ, സബ് കലക്ടർ, ഹൊസ്ദുർഗ്ഗ് തഹസിൽദാർ, മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എഞ്ചിനീയർ അജാനൂർ വില്ലേജ് ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകിയെങ്കിലും അവിടുന്നിങ്ങോട്ട് നീണ്ട അഞ്ചുമാസങ്ങൾ പിന്നിട്ടിട്ടും, എതൃകക്ഷികളിൽപ്പെട്ട ജില്ലാ കലക്ടറും, സബ് കലക്ടറും, അജാനൂർ ഗ്രാമപഞ്ചായത്ത് സിക്രട്ടറിയുമടക്കമുള്ള സകലരും ഇൗ ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് മിണ്ടാതിരിക്കുകയായിരുന്നു.

ഇൗ സാഹചര്യത്തിലാണ് അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ കോയാപ്പള്ളി പരിസത്തരത്തുള്ള നാട്ടുകാർ കക്ഷി രാഷ്ട്രീയം മറന്ന് സംഘടിച്ചതും, 2023 ആഗസ്റ്റ് 27-ന് ഞായറാഴ്ച റഹ്മത്തുള്ളയുടെ അനധികൃത കെട്ടിടം പാടെ തല്ലിത്തകർത്ത് കെട്ടിടം ഉയർത്തിയ ഭൂമി സാധാരണ നിലയിലാക്കിയത്.

LatestDaily

Read Previous

പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവിന് 85 വർഷം തടവും പിഴയും

Read Next

ഹൈക്കോടതിക്ക് മുകളിൽ എന്തു ട്രിബ്യൂണൽ-?